പിണറായി വിജയനു പിറന്നാൾ ആശംസകൾ നേർന്ന് മമത ബാനർജി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പിറന്നാൾ ആശംസകൾ നേർന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത്. ബുധനാഴ്ച കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ വേദിയിൽ പരസ്പരം കണ്ടിട്ടും മിണ്ടാതെ നടന്നവരാണു പിണറായി വിജയനും മമതാ ബാനർജിയും. ദേശീയ തലത്തിലെ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായി മാറിയ വേദിയിലാണു കേരള, ബംഗാൾ മുഖ്യമന്ത്രിമാർ രാഷ്ട്രീയ വൈരം സൂചിപ്പിച്ച് അകലം പാലിച്ചത്.

വേദിയിൽ നേരത്തേയെത്തിയ പിണറായി വേദിയുടെ ഇടതുഭാഗത്തു ചന്ദ്രബാബു നായിഡുവിനും മറ്റുമൊപ്പം ഇരിപ്പുറപ്പിച്ചിരുന്നു. പ്രമുഖ നേതാക്കളെല്ലാം എത്തിക്കഴിഞ്ഞ് അൽപം വൈകിയാണ് മമതയെത്തിയത്. ഓരോരുത്തരെയായി അഭിവാദ്യം ചെയ്ത് വേദിയുടെ ഇടത്തേയറ്റത്തേക്കു നടന്ന മമതയെ കണ്ട് മറ്റുള്ളവരെല്ലാം എഴുന്നേറ്റെങ്കിലും പിണറായി അനങ്ങിയില്ല. മൂന്നു കസേരയ്ക്കിപ്പുറംവരെ വന്നു പിണറായിയെ നോക്കാതെ മമത തിരിച്ചു പോകുകയും ചെയ്തു.