മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ ബിജെപിയിൽ; ഭോപ്പാലില്‍ മൽസരിക്കും

ഭോപ്പാൽ: 2008ലെ മലേഗാവ് ബോംബ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രജ്ഞ സിങ് ഠാക്കൂർ ബിജെപിയിൽ ചേർന്നു. തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നും ജയിക്കുമെന്നും ഠാക്കൂർ പറഞ്ഞു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽനിന്ന് ഇവർ മൽസരിച്ചേക്കുമെന്നാണു റിപ്പോർട്ട്. ഇവിടെ മുൻ മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ് ആണ് കോൺഗ്രസ് സ്ഥാനാർഥി.

പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ ശ്രീകാന്ത് പുരോഹിത് എന്നിവരുൾപ്പെട്ട മലേഗാവ് സ്ഫോടനക്കേസിനെ ‘കാവി ഭീകരവാദം’ എന്നാണ് യുപിഎ സർക്കാർ വിശേഷിപ്പിച്ചത്. മഹാരാഷ്ട്രയിലെ മലേഗാവിൽ 2008 സെപ്റ്റംബർ 29ന് മോട്ടോർസൈക്കിളിൽ വച്ച രണ്ട് ബോംബുകൾ പൊട്ടിത്തെറിച്ച് 7 പേർ കൊല്ലപ്പെടുകയും 100ൽ അധികം പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. കേസിൽ ഇരുവരും ജാമ്യത്തിലാണ്.

‘രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തുന്ന എല്ലാവരെയും ഞങ്ങൾ ഒരുമിച്ചുനിന്നു പോരാടി തോൽപ്പിക്കും’ – ഭോപ്പാലിലെ ബിജെപി ഓഫിസിലെത്തിയ ഠാക്കൂർ വാർത്താ ഏജൻസിയായ എഎന്‍ഐയോടു വ്യക്തമാക്കി.
ബിജെപിയുടെ വിദ്യാർഥി സംഘടനയായ എബിവിപിയുമായും വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗ വാഹിനിയുമായും ചേർന്നു പ്രവർത്തിച്ചിരുന്ന ഠാക്കൂർ വിവാദ പ്രസ്താനവകൾ നടത്തി നേരത്തേതന്നെ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ളതാണ്.

മലേഗാവ് സ്ഫോടനക്കേസിൽ ഠാക്കൂറിനെതിരെ മക്കോക്ക ചുമത്തിയതു കോടതി ഒഴിവാക്കിയിരുന്നു. ഇപ്പോൾ യുഎപിഎ നിയമത്തിനു കീഴിലാണ് ഇവരെ വിചാരണ ചെയ്യുന്നത്.

അതേസമയം, 1989 മുതൽ ബിജെപിയുടെ ഉറച്ച കോട്ടയാണു ഭോപ്പാൽ. മുസ്‌ലിം ജനവിഭാഗം വളരെയേറെയുണ്ടെങ്കിലും കോൺഗ്രസ് ഇവിടെ പരാജയപ്പെടുകയായിരുന്നു. ഇത്തവണ ആ വെല്ലുവിളി ഏറ്റെടുത്താണ് മുതിർന്ന നേതാവായ ദിഗ്‌വിജയ് സിങ് മണ്ഡലത്തിൽനിന്നു മൽസരിക്കുന്നത്. ‌