സൗദിയില്‍ മലയാളി യുവതിയെ ഭര്‍ത്താവ് 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചു

ജിദ്ദ :മലയാളി യുവതിയെ ഭര്‍ത്താവ് സൗദി അറേബ്യയില്‍ 80 ദിവസം വീട്ടുതടങ്കലില്‍ വെച്ചതിന് ശേഷം ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചതായി പരാതി. കൊച്ചിയില്‍ വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. 24 വയസ്സുകാരിയായ യുവതിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

80 ദിവസത്തെ വിസിറ്റിംഗ് വിസയില്‍ ഭര്‍ത്താവിനടുത്തേക്ക് പോയ തന്നെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചതായും ഐഎസ് അനുകൂല വീഡിയോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിപ്പെടുന്നു.മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ഭര്‍ത്താവ് യുവതിയെ കാണിച്ചിരുന്നത്. എതിര്‍ക്കുന്ന പക്ഷം യുവതിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിലുള്ളതായും എറണാകുളം റൂറല്‍ എസ്പി എ വി ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

യുവതിയെ സൗദി അതിര്‍ത്തി വഴി സിറിയയിലേക്ക് കടത്താനായിരുന്നു ഭര്‍ത്താവിന്റെ പദ്ധതി.80 ദിവസം കഴിഞ്ഞിട്ടും തനിക്ക് പുതിയ വിസ ലഭിക്കുവാനുള്ള നടപടി ക്രമങ്ങള്‍ക്കായി ഭര്‍ത്താവ് താല്‍പ്പര്യം പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ യുവതി സൗദിയിലുള്ള തന്റെ ബന്ധുക്കളുടെയും അയല്‍ക്കാരുടെയും സഹായത്തോടെ നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ഡിഎസ്പി പ്രഭുല ചന്ദ്രന്‍ വ്യക്തമാക്കി.

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ 12 പേര്‍ക്കെതിരെ നോര്‍ത്ത് പറവുര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ ഇതിനോടകം അറസ്റ്റിലായതായും പൊലീസ് വ്യക്തമാക്കി.