മലയാളം മിഷന്‍ അബുദാബിയില്‍; ഉദ്ഘാടനം മെയ് 28ന്

അബുദാബി: മലയാളം മിഷന്‍ പാഠ്യപദ്ധതിയുടെ ഭാഗമായി അബുദാബിയില്‍ അവതരിപ്പിക്കുന്ന മലയാള പഠന ക്ലാസ്സിന്റെ ഉദ്ഘാടനം മെയ് 28 തിങ്കളാഴ്ച വൈകിട്ട് ഒന്‍പത് മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്നു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പറഞ്ഞുകൊടുക്കുന്ന പദ്ധതിയാണ് മലയാളം മിഷന്‍.

ഉദ്ഘാടനദിവസം നിലവിലെ മലയാളം പഠനക്ലാസിലെ വിദ്യാര്‍ത്ഥികളും വിവിധ കേന്ദ്രങ്ങളിലായി പുതുതായി പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുനൂറോളം കുട്ടികളും മലയാളം മിഷന്റെ പരിശീലനം സിദ്ധിച്ച അധ്യാപകരും പങ്കെടുക്കും.

അബുദാബി മേഖലയുടെ കീഴില്‍ തുടക്കമെന്ന നിലയ്ക്ക് ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. തുടങ്ങി അബുദാബിയിലേയും മുസഫയിലേയും വിവിധ കേന്ദ്രങ്ങളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സര്‍ട്ടീഫിക്കറ്റോടു കൂടിയുള്ള സൗജന്യ മലയാള ഭാഷാ പഠനക്ലാസ് നടത്താനുദ്ദേശിക്കുന്നത്.