എടപ്പാള്‍ തിയറ്റര്‍ പീഡനം; രക്ഷപ്പെടാനുള്ള ശ്രമം ഉപേഷിച്ചത് അബദ്ധമായിപ്പോയി: മൊയ്തീന്‍ കുട്ടി

മലപ്പുറം: എടപ്പാള്‍ സിനിമ തിയറ്റര്‍ പീഡനക്കേസിലെ മുഖ്യ പ്രതി മൊയിതീന്‍ കുട്ടിക്കെതിരെ പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതില്‍ ഇയാള്‍ നേരത്തെ രണ്ടു തവണ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ നേരം ഉപദ്രവിച്ചത് തീയറ്ററില്‍ വെച്ചാണെന്നും പറയുന്നു.

ഏപ്രില്‍ 18ന് നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ മെയ് 12നാണ് പുറത്തുവിട്ടത്. ഇതിനെത്തുടര്‍ന്നാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. സംഭവ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ കൂടെയുണ്ടായിരുന്നിട്ടും സാമ്പത്തിക സ്വാധീനത്തില്‍ അവര്‍ മൊയ്തീന്‍ കുട്ടിയെ തടഞ്ഞില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതിനെത്തുടര്‍ന്ന് പ്രതി വിദേശത്തേക്ക് കടക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ അഭിഭാഷകനെ സമീപിച്ചതിനെത്തുടര്‍ന്ന് നാട്ടിലെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളെ ബാധിക്കുമെന്നതിനാല്‍ ഇയാള്‍ ആ ശ്രമം ഉപേഷിക്കുകയായിരുന്നുവെന്നും ശ്രമം ഉപേഷിച്ചത് അബദ്ധമായിപ്പോയി എന്നു പറഞ്ഞ് പ്രതി കുറ്റം സമ്മതിച്ചുവെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നു.