99 പൂക്കള്‍ വാടിക്കരിഞ്ഞാല്‍

കഴിഞ്ഞയാഴ്ച തൃശൂരില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന നേട്ടമായി പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത് എല്ലാതരം വിഭാഗീയതകള്‍ക്കും പൂര്‍ണമായി അന്ത്യം കുറിക്കാനായി എന്നതാണ്. അത് ഏറെക്കുറെ ശരിയുമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി പലതരം വിഭാഗീയതകള്‍ പാര്‍ട്ടിയെ വിടാതെ പിന്തുടരുകയായിരുന്നു.

1980കളുടെ മദ്ധ്യത്തില്‍ രൂപം കൊണ്ട എം.വി. രാഘവന്‍ നേതൃത്വം നല്‍കിയ ബദല്‍രേഖ ചേരി, തുടര്‍ന്നു കെ.ആര്‍. ഗൗരിയമ്മ ഉയര്‍ത്തിയ കലഹം, തൊട്ടുപിറകെ രൂപംകൊണ്ട സി.ഐ.ടി.യു. ചേരി, ഏറ്റവുമൊടുവില്‍ ദീര്‍ഘകാലം നിലനിന്ന വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ചേരി എന്നിവയും അതതു കാലങ്ങളിലെ ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള പോര് മാധ്യമങ്ങള്‍ക്കു വാര്‍ത്തകളുടെ വന്‍ സമൃദ്ധി സമ്മാനിച്ചിരുന്നു. എന്നാല്‍ വി.എസ്. ചേരി തീര്‍ത്തും തകര്‍ന്നു തരിപ്പണമായ സാഹചര്യത്തില്‍ ഇത്തവണ നടന്ന സമ്മേളനം നേതൃത്വത്തിന് ഒട്ടും തലവേദന സൃഷ്ടിച്ചില്ല.

മാധ്യമങ്ങള്‍ക്കു കാര്യമായ അന്തര്‍നാടക വാര്‍ത്തകളൊന്നും കിട്ടിയതുമില്ല. ആകെയുണ്ടായിരുന്നത് ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും സംസ്ഥാന ഘടകവും തമ്മിലുള്ള രാഷ്ട്രീയ തര്‍ക്കം മാത്രം. കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ മതേതര, ജനാധിപത്യ ബദല്‍ ചേരിക്കു രൂപം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനോടു സ്വീകരിക്കേണ്ട സമീപനം സംബന്ധിച്ച്.

രാഷ്ട്രീയ തര്‍ക്കങ്ങളില്ലാതെ ശാന്തമായ അന്തരീക്ഷം ഒരു രാഷ്ട്രീയകക്ഷിയുടെ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം സുഖകരമായ ഒരു അവസ്ഥയായിരിക്കാം. എന്നാല്‍ അത് അധികാരരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ മാത്രമായിരിക്കും. ഒരു വര്‍ഗവിഭജിത സമൂഹത്തില്‍ ഏറെ സങ്കീര്‍ണമായ നിരവധി സാമൂഹ്യ പ്രക്ഷുബ്ധാവസ്ഥകളെ അഭിസംബോധന ചെയ്യേണ്ട ഒരു പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതൊട്ടും ഭൂഷണല്ല. ഭാവിയിലേക്കു നോക്കുമ്പോള്‍ ഒട്ടും ഗുണകരവുമല്ല.

‘നൂറു പൂക്കള്‍ വിരിയട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയത് കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങളോ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകരോ ഒന്നുമല്ല. ചൈനീസ് കമ്യൂണിസ്റ്റ്  പാര്‍ട്ടി നേതാവും ജനകീയ ചൈനയുടെ രാഷ്ട്രപിതാവുമായിരുന്ന മൗ സെ ദോങ് ആണ്. പാര്‍ട്ടിയില്‍ നൂറുകണക്കിന് വ്യത്യസ്ത ആശയധാരകളുടെ ആരോഗ്യകരമായ ഏറ്റുമുട്ടല്‍ നടക്കണമെന്നാണ് മൗ ഉദ്ദേശിച്ചത്. ഒരുകാലത്ത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അതു നടക്കുകയും ചെയ്തിരുന്നു. പിന്നീട് അധികാരം സൃഷ്ടിച്ച മാനസിക വ്യതിയാനം മൂലം മറ്റൊരു ഘട്ടത്തില്‍ മൗ തന്നെ ആ ആശയവൈവിധ്യങ്ങളുടെ അന്തകനായി മാറിയത് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ വലിയൊരു വിരേധാഭാസം.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലെ തന്നെ അതിബൃഹത്തും വൈവിധ്യങ്ങള്‍ നിറഞ്ഞതുമായ സാമൂഹ്യാവസ്ഥയെ അഭിസംബോധന ചെയ്യേണ്ട ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് മൗ അന്നു പറഞ്ഞതാണ് ശരി, അല്ലെങ്കില്‍ ശരിയാവേണ്ടത്. ഈ ആശയവൈവിധ്യങ്ങളുടെ മാധ്യമ ഭാഷയിലെ പദമായ വിഭാഗീത, അല്ലെങ്കില്‍ ഗ്രൂപ്പിസം സംബന്ധിച്ച വാര്‍ത്തകള്‍ പാര്‍ട്ടിയെ അലട്ടുന്നുണ്ടങ്കില്‍ അതിനുത്തരവാദികള്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ്. വിഭാഗീയത ഒരു അശ്ലീല പദമായി അവര്‍ കാണുന്നതാണ് അതിന് ഒന്നാമത്തെ കാരണം. പാര്‍ട്ടി എപ്പോഴും ആശയപരമായി ഏകശിലാരൂപത്തില്‍ ഒറ്റക്കെട്ടാണെന്നും ഒരു ജനാധിപത്യ സമൂഹത്തില്‍ പോലും അതിന് ഒരുപാട് രഹസ്യങ്ങള്‍ സൂക്ഷിക്കാനുണ്ടെന്നും ആ രഹസ്യങ്ങളൊന്നും പുറത്തുപോകില്ലെന്നും ഭാവിക്കുന്നതു വലിയൊരു മഹത്വമായി അവര്‍ കരുതുന്നതു രണ്ടാമത്തെ കാരണവും.

ഇന്ത്യ പോലൊരു ജനാധിപത്യ സമൂഹത്തില്‍ നേരെ തിരിച്ചാണ് യാഥാര്‍ത്ഥ്യം. ഒരൊറ്റ കാഴ്ചപ്പാടിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല ഇവിടെ ഒരു വിഷയവും. അതിലെല്ലാം ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ ഉയരണം. രഹസ്യവും പരസ്യവുമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ആ വിഷയങ്ങളിലുണ്ടാവണം. അതില്‍ നിന്ന് ശരിയായൊരു നിലപാട് രൂപംകൊള്ളണം. 99 പൂക്കളെയും കരിഞ്ഞുണങ്ങാന്‍ വിട്ട് ഒരു പൂവിനെ മാത്രം നട്ടുനനച്ചു വളര്‍ത്തിയാല്‍ പാര്‍ട്ടിക്ക് ഒരു ജനകീയ പ്രസ്ഥാനമായി നിലനില്‍ക്കാനാവില്ല. പകരമത് ഒരു ജനവിരുദ്ധ ഫാസിസ്റ്റ് പ്രസ്ഥാനമായി രൂപാന്തരപ്പെടും.

അധികാരകേന്ദ്രീകൃതമായ എം.വി.ആര്‍- വി.എസ്, പിണറായി- വി.എസ് മാതൃകയിലെ ചേരിപ്പോരുകളല്ല ഉദ്ദേശിച്ചത്. രാജ്യത്തെ ജനതയെ ബാധിക്കുന്ന വിഷയങ്ങളിലുള്ള ആരോഗ്യകരവും ക്രയാത്മകവുമായ ചേരിതിരിവുകളും ആശയസമരങ്ങളുമാണ് നടക്കേണ്ടത്. അതു നടക്കുമ്പോഴും ബൂര്‍ഷ്വാ രാഷ്ട്രീയ കക്ഷികളെപ്പോലെ ചിന്നിച്ചിതറാതിരിക്കാനുള്ള സംഘടനാപരമായ ഉള്‍ക്കരുത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആര്‍ജിക്കണം. എന്നിട്ട് പാര്‍ട്ടിയില്‍ ആകാശത്തിനു ചുവട്ടിലുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുമെന്നും അതാണ് ഈ പാര്‍ട്ടിയെ മറ്റു കക്ഷികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും പരസ്യമായി പ്രഖ്യാപിക്കാനുള്ള ആര്‍ജവം നേതാക്കള്‍ കാണിക്കണം. അതിനു സാധിച്ചാല്‍ പിന്നെ പാര്‍ട്ടിയിലെ അഭിപ്രായഭിന്നതകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്കു കാര്യമായ കമ്പോളമൂല്യമുണ്ടാവില്ല. മുതലാളിത്ത സമൂഹത്തില്‍ വാര്‍ത്തയും ഉല്‍പന്നമായതുകൊണ്ടു തന്നെ കമ്പോളമൂല്യമില്ലാത്ത ഉല്‍പന്നത്തിനു പിറകെ മാധ്യമങ്ങള്‍ പോകുകയുമില്ല.