സുധീര്‍ നയിക്കുന്നത് വന്‍ മാഫിയാ സംഘത്തെ; വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പരാതി; സംഘത്തില്‍ ആറിലധികം അംഗങ്ങള്‍; കേന്ദ്ര ഇന്റലിജന്‍സിന് പരാതി

തിരുവനന്തപുരം: വിദേശത്ത് വ്യാപാരം തുടങ്ങാമെന്ന് പറഞ്ഞ് തിരുവനന്തപുരം സ്വദേശി സിദ്ധീഖില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ സ്വദേശി സുധീറിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍.
സുധീര്‍ രാജ്യവിരുദ്ധപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരുസംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആറുപേരടങ്ങുന്ന ഈ സംഘത്തില്‍ രണ്ടിലേറെ ഇന്ത്യന്‍ വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് രാജ്യംവിടുന്നതെന്നുമായ വിവരമാണ് ഇപ്പോള്‍ അധികൃതര്‍ക്ക് ലഭിച്ചിരിക്കുന്നത്.

നിരവധി ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നിലേറെ തവണ ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി തട്ടിപ്പിന് കേസുണ്ട്. തുടര്‍ന്നാണ് ഇവര്‍ വ്യാജപാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് യാത്രകള്‍ നടത്താന്‍ തുടങ്ങിയത്. ഇവര്‍ മറ്റ് പല രാജ്യങ്ങളിലേക്കും ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും. ഐ.എസ് പോലുള്ള തിവ്രവാദസംഘടനകളിലേക്കുവരെ നീളുന്നതാണ് ഇവരുടെ റിക്രൂട്ട്‌മെന്റ് രീതികളെന്നും അധികൃതര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇവര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ചെയ്യുന്ന ജോലിയോ വ്യാപാരങ്ങളോ എന്താണെന്ന് ആര്‍ക്കും അറിയില്ലാ എന്നത് സംശയം ബലപ്പെടുത്തുന്നുണ്ട്. നിയമവിരുദ്ധമാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിക്കുന്ന ഇവര്‍ക്ക് കേരളത്തില്‍ ചില പോലീസ്, എമിഗ്രേഷന്‍, രാഷ്ട്രീയ ബന്ധങ്ങളും ഉണ്ട്. ഈ ബന്ധങ്ങള്‍ ഉപയോഗിച്ച് ഇവര്‍ക്കെതിരെ വരുന്ന അന്വേഷണത്തെ സ്വാധീനിക്കാനോ വഴിതിരിച്ചുവിടുന്നതിനോ ഒക്കെ ശ്രമിക്കാറുണ്ട്.

ഇതിന് മുമ്പ് സുധീറിന്റെ സംഘത്തില്‍ ഒരാള്‍ക്കെതിരെ വ്യാജപാസ്‌പോര്‍ട്ടിനെക്കുറിച്ച അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഇത് പൂഴ്ത്തപ്പെടുകയായിരുന്നുവെന്നാണ് ആരോപണം.
കേരളത്തില്‍ ബംഗ്ലാവുകളും ആഡംബര കാറുകളും ഉപയോഗിച്ച് അത്യാഡംബര ജീവിതം നയിക്കുന്ന ഇവരെക്കുറിച്ചുള്ള അന്വേഷണം ശക്തമാക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് അന്വേഷണ സംഘത്തിലെ ഉന്നതന്‍ മീഡിയയോട് പറഞ്ഞത്.