വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരുമണിക്കൂര്‍ സിസിടിവി പ്രവര്‍ത്തിച്ചില്ല; മധ്യപ്രദേശില്‍ അട്ടിമറി?

ഡല്‍ഹി: മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീമുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നത് ഒരു മണിക്കൂര്‍. വൈദ്യുത തകരാറാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇവിഎമ്മുകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 28-നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.

വോട്ടിംഗ് മെഷീനില്‍ അട്ിമറി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുണ്ട്. അതിനിടയിലാണ് സ്‌ട്രോങ് റൂമില്‍ അസാധാരണമായി വൈദ്യുതി ബന്ധം ഇല്ലാതായതും സിസിടിവികള്‍ പ്രവര്‍ത്തനരഹിതമായതും. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്.

ഭോപ്പാലില്‍ വെള്ളിയാഴ്ച രാവിലെ 8.19 മുതല്‍ 9.35 വരെയുള്ള സമത്ത് സിസിടിവി ക്യാമറകളും സ്‌ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതായി ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ഇന്‍വെര്‍ട്ടറോ ജനറേറ്ററോ ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

ഇതിനിടെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിങ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോങ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.