ബിജെപിക്ക് വോട്ടില്ല; കാരണം തുറന്ന് പറഞ്ഞ് വോട്ടര്‍മാര്‍

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാരിന് വീണ്ടും തലവേദന. സര്‍ക്കാരിനെതിരെ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത് ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരാണ്. തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ വരുന്ന ഉപതെരഞ്ഞടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരുടെ സംഘടന വ്യക്തമാക്കി.

ഫെബ്രുവരി 24നാണ് മധ്യപ്രദേശിലെ രണ്ട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്നത്. നിലവില്‍ ഭരണവിരുദ്ധ വികാരം ശക്തമായ മധ്യപ്രദേശില്‍ ഭോപ്പാല്‍ ദുരന്തബാധിതരുടെ പ്രതിഷേധം ബിജെപിയെ പ്രതിരോധത്തിലാക്കുന്നു. ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവരുടെ ക്ഷേമത്തിന് നിരവധി വാഗ്ദാനങ്ങള്‍ ശിവരാജ് ചൗഹാന്‍ നല്‍കിയിരുന്നു. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് ഇവര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഭോപ്പാല്‍ ദുരന്തബാധിതര്‍ക്ക് മുന്‍സര്‍ക്കാരുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട സേവനമാണ് ചൗഹാന്‍ സര്‍ക്കാര്‍ ലഭ്യമാക്കിയതെന്നാണ് ബിജെപിയുടെ അവകാശവാദം. ഇപ്പോള്‍ ഇവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത് അത്ഭുതമുളവാക്കുന്നുവെന്നും ബിജെപി പറഞ്ഞു.