രാജവാഴ്ച കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയെന്ന് മന്ത്രി എം എം മണി

തിരുവനന്തപുരം: പന്തളം രാജകുടുംബം രാജവാഴ്ച കഴിഞ്ഞകാര്യം മറന്നുപോയത് കൊണ്ടാണ് ശബരിമലയുടെ കാര്യത്തിൽ അഭിപ്രായം പറയുന്നതെന്ന് മന്ത്രി എം എം മണി. രാജഭരണമല്ല, ജനാധിപത്യമാണ് രാജ്യം ഭരിക്കുന്നത്. ശബരിമല നട അടച്ചിടുമെന്ന് പറയുന്ന തിരുമേനി ശമ്പളക്കാരനാണെന്നും എം എം മണി പറഞ്ഞു.

സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ശബരിമല അടച്ചിട്ട് പ്രതിഷേധിക്കാനൊരുങ്ങുകയാണ് പന്തളം രാജകൊട്ടാരം. സ്ത്രീ പ്രവേശനം അനുവദിക്കില്ലെന്ന നിലപാടില്‍ തരിമ്പും വിട്ടുവീഴ്ചയില്ലെന്നാണ് പന്തളം രാജകൊട്ടാരത്തിന്‍റെ പ്രതിനിധി ശശികുമാര വര്‍മ്മ വ്യക്തമാക്കിയത്. ശബരിമലയില്‍ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്‍റെ പവിത്രത നശിപ്പിക്കാൻ ആരോ തെരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് ഇവരെത്തിയത്

ശബരിമലയിലെ യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണം. സുപ്രീംകോടതി വിധി ചോദ്യം ചെയ്യാനാകില്ലെന്ന ദേവസ്വം ബോര്‍ഡിന്‍റെ നിലപാട് തെറ്റാണ്. സര്‍ക്കാര്‍ ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനോട് സംസാരിച്ചിട്ട് കാര്യമില്ല. എന്നാല്‍ നിലപാട് മാറ്റിയില്ലെങ്കില്‍ ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ മറക്കരുതെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കിയിരുന്നു.