കോവിഡ് 19 രോഗിയില്‍ ഇരട്ട ശ്വാസകോശം മാറ്റിവെച്ചു

തിരുവനന്തപുരം: ഇന്ത്യയിലാദ്യമായി കോവിഡ് 19 രോഗിയില്‍ ഇരട്ട ശ്വാസകോശം മാറ്റിവെച്ചു. ഹൈദ്രാബാദിലെ കൃഷ്ണാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(കിംസ്) ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ. സന്ദീപ് അട്ടാവറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. പഞ്ചാബിലെ ചണ്ഡിഗഡില്‍ നിന്നുള്ള 32 വയസ്സുകാരനായ റിസ്വാന്‍ എന്ന രോഗിയ്ക്കാണ് ശ്വാസകോശം മാറ്റിവെച്ചത്. സുഖം പ്രാപിച്ച റിസ്വാന്‍ വെളളിയാഴ്ച ആശുപത്രിവിട്ടു

ശ്വാസകോശത്തിന്റെ ഫൈബ്രോസിസിലേക്ക് നയിച്ച സാര്‍കോയിഡോസിസ് മൂലം പ്രയാസപ്പെടുകയായിരുന്നു റിസ്വാന്‍. രോഗം സ്ഥിരമായി ഭേദമാക്കുന്നതിനുള്ള ഒരേയൊരുമാര്‍ഗ്ഗം ഇരട്ട ശ്വാസകോശം മാറ്റിവയ്ക്കലായിരുന്നു. ഇതിനുളള തയ്യാറെടുപ്പിനിടെയാണ് കൊറോണാ വൈറസ് പിടിപെട്ടത്. ഇത് സാഹചര്യം കൂടുതല്‍ വഷളാക്കി. കൊല്‍ക്കത്തയില്‍ മസ്തിഷ്‌കമരണം സംഭവിച്ച രോഗിയില്‍ നിന്നാണ് റിസ്വാന് വേണ്ട ശ്വാസകോശം കണ്ടെത്തിയത്. ഡോ.സന്ദീപ്അട്ടാവര്‍ രാജ്യത്തെ ഹൃദയശ്വാസകോശംമാറ്റിവയ്ക്കല്‍ സര്‍ജന്‍മാരില്‍ 24 വര്‍ഷത്തെ അനുഭവസമ്പത്തുള്ള വ്യക്തിയാണ്.