കേരളത്തിൽ മൂന്ന് വന്‍കിട പദ്ധതികളുമായി ലുലു ഗ്രൂപ്പ്; ആകെ നിക്ഷേപം 6030 കോടി രൂപ , 8000 പേര്‍ക്ക് തൊഴില്‍

സംസ്ഥാനത്ത് ലുലു ഗ്രൂപ്പിന്റെ മൂന്ന് വന്‍കിട പദ്ധതികള്‍ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്ന് പ്രവാസിവ്യവസായി എം.എ.യൂസഫലി. 6030 കോടിരൂപയുടെ നിക്ഷേപമാണ് ലുലു ഗ്രൂപ്പ് സംസ്ഥാനത്ത് നടത്തുന്നത്. കൊച്ചി ബോള്‍ഗാട്ടിയിലെ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍ മൂന്നുമാസത്തിനകം പ്രവര്‍ത്തനമാരംഭിക്കും.

ബോള്‍ഗാട്ടിയിലെ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മാണം മൂന്നുമാസത്തിനകം പൂര്‍ത്തിയാകുന്നതോടെ മൈസ് ടൂറിസം മാപ്പില്‍ കൊച്ചി പ്രമുഖസ്ഥാനം നേടുമെന്നാണ് പ്രതീക്ഷ.

കണ്‍വെന്‍ഷന്‍ സെന്ററിന് അനുബന്ധമായി ലുലു ബ്രാന്‍ഡില്‍ തന്നെ ഹോട്ടലിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരുന്നു. ആകെ നിക്ഷേപം 2200 കോടിരൂപ. 8000പേര്‍ക്ക് ഈ പദ്ധതി വഴി തൊഴില്‍ ലഭിക്കും. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവറിന് 430 കോടിരൂപയാണ് മുതല്‍മുടക്ക്.

1400 കോടിരൂപ മുതല്‍മുടക്കില്‍ മറ്റൊരു ഐ.ടിപാര്‍ക്കിനും പദ്ധതിയുണ്ട്. തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാള്‍ അടുത്തവര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ഷോപ്പിങ് മാളും ഫൈവ് സ്റ്റാര്‍ ഹോട്ടലും കണ്‍വന്‍ഷന്‍ സെന്ററും അടങ്ങുന്ന ഈ പദ്ധതിയുടെ മുതല്‍ മുടക്ക് 2000 കോടിരൂപയാണ്. 5000 പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. യൂസഫലിയുടെ നാടായ നാട്ടികയിലെ വൈമാളിന്റെ നിര്‍മാണവും ഉടന്‍ പൂര്‍ത്തിയാകും.