ലോക കേരളസഭയ്ക്ക് തുടക്കമായി; സമ്മേളനം ബഹിഷ്‌കരിച്ച എംകെ മുനീര്‍ തിരിച്ചെത്തി

തിരുവനന്തപുരം: ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിനു നിയമസഭാ മന്ദിരത്തില്‍ തുടക്കം. 9.30നു സഭയുടെ രൂപീകരണം സംബന്ധിച്ചുള്ള ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ പ്രഖ്യാപനത്തോടെയായിരുന്നു സമ്മേളനത്തിന്റെ തുടക്കം. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. സഭാ നടത്തിപ്പിനെക്കുറിച്ചു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തി. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗിക്കും. പ്രതിപക്ഷ നേതാവാണു സഭയുടെ ഉപനേതാവ്.

അതേസമയം, സീറ്റ് ക്രമീകരണത്തില്‍ അവഗണിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ സമ്മേളനം ബഹിഷ്‌കരിച്ചെങ്കിലും പ്രശ്‌നം പരിഹരിച്ചതോടെ തിരിച്ചെത്തി. വ്യവസായികള്‍ക്കും പിന്നിലായി തനിക്ക് സീറ്റ് നല്‍കിയെന്ന് ആരോപിച്ച് മുനീര്‍ സമ്മേളന വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് അദ്ദേഹത്തിന് മുന്‍നിരയില്‍ സീറ്റ് നല്‍കി പ്രശ്‌നം രമ്യമായി പരിഹരിച്ചു.

രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉച്ചഭക്ഷണത്തിനുശേഷം 2.30നു നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്‍, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും.

4.30നു മേഖലാ ചര്‍ച്ചകളുടെ അവതരണം. 6.15 മുതല്‍ സാംസ്‌കാരിക പരിപാടികള്‍. പ്രഭാവര്‍മ രചിച്ചു ശരത് സംഗീതം നല്‍കിയ മുദ്രാഗാന അവതരണം, പ്രമോദ് പയ്യന്നൂരും ജയരാജ് വാരിയറും ഒരുക്കുന്ന സംഗീതപരിപാടി എന്നിവയും ഉണ്ടാകും. നാളെ രാവിലെ മുതല്‍ വിവിധ മേഖലാ സമ്മേളനങ്ങള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിനു പൊതുസഭാ സമ്മേളനം ആരംഭിക്കും. ലോക കേരളസഭയെ സംബന്ധിച്ച കാഴ്ചപ്പാടുകള്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ അവതരിപ്പിക്കും. തുടര്‍ന്നു വിഷയ മേഖലകളുടെ റിപ്പോര്‍ട്ടിങ്. സമാപനത്തോടനുബന്ധിച്ചു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.