കേരളത്തിലെ ലോക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ, ജില്ലവിട്ട് പാസില്ലാതെ പോകാം, ജില്ലക്കുള്ളില്‍ ബസ് സര്‍വീസ്

തിരുവനന്തപുരം: മെയ് 31 വരെ കേന്ദ്ര ഗവണ്‍മെന്റ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്ഥാനത്ത് ഇനി പറയുന്ന നിയന്ത്രണങ്ങള്‍ വരുത്തും. രാജ്യത്ത് പൊതുവായി അനുവദനീയമല്ലാത്ത വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നില്ല.

സ്‌കൂളുകള്‍, കോളേജുകള്‍, മറ്റു ട്രെയിനിങ് കോച്ചിങ് സെന്ററുകള്‍ എന്നിവ അനുവദനീയമല്ല. എന്നാല്‍, ഓണ്‍ലൈന്‍/വിദൂര വിദ്യാഭ്യാസം എന്നിവ പരമാവധി പ്രോല്‍സാഹിപ്പിക്കും.

*ഇനി പറയുന്ന പ്രവര്‍ത്തനങ്ങള്‍ നിബന്ധനകളോടുകൂടി അനുവദിക്കും*
ജില്ലയ്ക്കകത്തുള്ള ജല ഗതാഗതമുള്‍പ്പെടയുള്ള പൊതുഗതാഗതം (സീറ്റിങ് കപ്പാസിറ്റിയുടെ അമ്പതു ശതമാനം ആളുകളെ മാത്രമെ അനുവദിക്കൂ. യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര അനുവദിക്കുന്നതല്ല.)
അതത് ജില്ലക്കുള്ളിലെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം

*മറ്റു ജില്ലകളിലേക്കുള്ള യാത്രകള്‍:*

അന്തര്‍ ജില്ലാ യാത്രയ്ക്ക് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം അനുവദനീയമായ കാര്യങ്ങള്‍ക്ക് യാത്രചെയ്യുന്നതിന് അനുമതി നല്‍കും. രാവിലെ 7 മുതല്‍ വൈകിട്ട് 7 മണിവരെയുള്ള യാത്രകള്‍ക്ക് പ്രത്യേക യാത്രാപാസ് ആവശ്യമില്ല. തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതിയാല്‍ മതിയാകും. കോവിഡ് 19 നിര്‍വ്യാപനവുമായി ബന്ധപ്പെട്ട പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, അവശ്യസര്‍വീസിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് യാത്രചെയ്യുന്നതിന് ഈ സമയ പരിധി ബാധകമല്ല.
ഇലക്ട്രീഷ്യന്മാര്‍, മറ്റു ടെക്‌നീഷ്യന്‍മാര്‍ തങ്ങളുടെ ട്രേഡ് ലൈസന്‍സ് കോപ്പി കയ്യില്‍ കരുതണം. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ കളക്ടറില്‍ നിന്നോ അനുമതി നേടിയിരിക്കണം (അവശ്യ സര്‍വ്വീസുകളില്‍ ജോലിചെയ്യുന്ന ജീവനകാര്‍ക്ക് ഇത് ബാധകമല്ല).
ജോലി ആവശ്യങ്ങള്‍ക്കായി സ്ഥിരമായി ദൂരെ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവര്‍ പ്രത്യേക യാത്രപാസ് ജില്ലാ കളക്ടര്‍/പൊലീസ് മേധാവിയില്‍ നിന്നും നേടേണ്ടതാണ്. എന്നാല്‍ ഹോട്ട്‌സ്‌പോട്ടുകളിലെ കണ്ടയിന്‍മെന്റ് സോണുകളില്‍ പ്രവേശനത്തിന് കൂടുതല്‍ ശക്തമായ നിരീക്ഷണം ഉണ്ടാകും.
അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമെ ലോക്ക്ഡൗണ്‍മൂലം ഒറ്റപ്പെട്ടുപോയ വിദ്യാര്‍ത്ഥികള്‍, ബന്ധുക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുന്നതിനും അവരവരുടെ വീടുകളിലേക്ക് പോകുന്നതിനും, ജോലിയിടങ്ങളില്‍ കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും വീടുകളില്‍ പോകുന്നതിനും അനുമതി നല്‍കും. മറ്റ് അടിയന്തിരാവശ്യങ്ങളുമായി ബന്ധപ്പെട്ടും അന്തര്‍ജില്ലാ യാത്ര അനുവദിക്കും.

*വാഹനയാത്രകള്‍:*
സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി ഉള്‍പ്പെടെ നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേര്‍. കുടുംബമാണെങ്കില്‍ മൂന്നുപേര്‍.
ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍. കുടുംബമാണെങ്കില്‍ 3 പേര്‍.
ഇരുചക്ര വാഹനങ്ങളില്‍ ഒരാള്‍. കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കും.
ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.
വിവിധ സോണുകളിലെ കണ്ടയിന്‍മെന്റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകള്‍ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറന്റയിനില്‍ ഏര്‍പ്പെടേണ്ടതാണ്. എന്നാല്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍/സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.
65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര/ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെ പരമാവധി വീടുകളില്‍തന്നെ കഴിയേണ്ടതാണ്.

*വാണിജ്യ/ വ്യപാര/ സ്വകാര്യ സ്ഥാപനങ്ങള്‍:*
ഷോപ്പിങ് കോംപ്ലക്‌സുകളില്‍ (മാളുകള്‍ ഒഴികെ) ഒരു ദിവസം ആകെയുള്ള കടകളുടെ അമ്പതു ശതമാനം മാത്രം തുറന്നു പ്രവര്‍ത്തിക്കാം എന്നുള്ള വ്യവസ്ഥയില്‍ കടകള്‍ അനുവദിക്കും. ഏതേത് ദിവസങ്ങളില്‍ ഏതൊക്കെ തുറക്കണമെന്നത് അതത് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കൂട്ടായ്മകള്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതിയോടുകൂടി തീരുമാനിക്കണം.
എയര്‍കണ്ടീഷന്‍ സംവിധാനം ഒഴിവാക്കി ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടി പാര്‍ലറുകളും ഹെയര്‍കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാം. ഒരു സമയത്ത് രണ്ടു പേരില്‍ കൂടുതല്‍ കാത്തു നില്‍ക്കാന്‍ പാടില്ല. ഒരേ ടവ്വല്‍പലര്‍ക്കായി ഉപയാഗിക്കാന്‍ പാടില്ല. ഏറ്റവും നല്ലത് കസ്റ്റമര്‍ ടവ്വല്‍ കൊണ്ടുവരുന്നതാണ്. ഫോണില്‍ അപ്പോയിന്റ്‌മെന്റ് എടുക്കുന്ന സംവിധാനം പ്രോല്‍സാഹിപ്പിക്കണം.
റെസ്റ്റാറന്റുകളിലെ ടേക്ക് എവേ കൗണ്ടറുകളില്‍ നിന്നുള്ള ഭക്ഷണസാധനങ്ങളുടെ വിതരണം രാവിലെ 7 മണിമുതല്‍ രാത്രി 9 മണി വരെ നടത്താം. രാത്രി 10 മണിവരെ ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറി അനുവദിക്കും.