സോഷ്യല്‍മീഡിയ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ തീരുമാനം താമസിക്കാതെ എടുക്കണമെന്ന് സുപ്രീംകോടതി

ഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തിൽ ഉടനെ തീരുമാനം എടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേയ്‌സ്ബുക്ക് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിര്‍ദേശം.

ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവര്‍ പറഞ്ഞു.

കേസുകള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. കേസിന്റെ ശരിതെറ്റുകളിലേയ്ക്ക് പോകുന്നില്ലെന്നും മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫേയ്‌സ്ബുക്കിന്റെ ഹര്‍ജിയില്‍ തീരുമാനമെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങുന്നതിന് ആധാര്‍ പോലുള്ള തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണമെന്നത് നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ടാണ് മദ്രാസ്, ബോംബെ, മധ്യപ്രദേശ് ഹൈക്കോടതികളില്‍ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നത്. കേസില്‍ കേന്ദ്രസര്‍ക്കാരിനും ഗൂഗിള്‍, ട്വിറ്റര്‍, യൂട്യൂബ് എന്നീ കമ്പനികള്‍ക്കും സുപ്രീം കോടതി നേരത്തെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ഫേയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞിരുന്നു.