ശംഖുമുഖത്ത് പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ശംഖുമുഖത്ത് ആത്മഹത്യ ചെയ്യാൻ കടലിൽ ചാടിയ പെണ്‍കുട്ടിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാര്‍ഡിന്റെ മൃതദേഹം കണ്ടെത്തി. ചെറിയതുറ സ്വദേശി ജോൺസൺ ഗബ്രിയേലിന്റെ മൃതദേഹമാണ് ഇന്ന് നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്. വലിയതുറ തീരത്തുനിന്നാണ് ജോൺസൺന്റെ മൃതദേഹം കിട്ടിയത്.

ആഗസ്റ്റ് 21നാണ് പെണ്‍കുട്ടി ശംഖുമുഖം കടപ്പുറത്ത് തിരയില്‍പ്പെട്ടത്. പെണ്‍കുട്ടിയെ രക്ഷിക്കാനായി ജോണ്‍സണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. കുട്ടിയെ കരയിലെത്തിച്ചെങ്കിലും ജോണ്‍സണെ കാണാതാവുകയായിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടി കടലിൽ ചാടുന്നത് കണ്ട് രക്ഷിക്കാൻ ജോൺസണ്‍ കടലിലേക്ക് ഓടിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുമാരുടെ സഹായത്തോടെ പെൺകുട്ടിയെ രക്ഷിച്ചു കരയിൽ എത്തിച്ചെങ്കിലും ശക്തമായ തിരയിൽപ്പെട്ട് ജോൺസന് ബോധം നഷ്ടമായി. തുടർന്ന് ജോൺസനെ കാണാതാവുകയായിരുന്നു.