2.19 ലക്ഷം പേര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് കാലത്തും സംസ്ഥാനത്തെ 2.19 ലക്ഷം പേര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ സര്‍ക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവകാശപ്പെട്ടു.
പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങളിലായി 2,19,154 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ പുരോഗതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്ലാഘനീയമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭവന സമുച്ചയം നിര്‍മിക്കുന്നതിനായി വിവിധ ജില്ലകളിലായി 300 സര്‍ക്കാര്‍ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 100 കേന്ദ്രങ്ങളില്‍ നിര്‍മാണത്തിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കും. ഏഴ് സമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഒന്‍പത് എണ്ണത്തിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. ഈ പതിനാറ് സമുച്ചയങ്ങളുടെയും നിര്‍മാണം 2020 ഡിസംബറില്‍ പൂര്‍ത്തിയാക്കും. 15 സമുച്ചയങ്ങള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. നൂറോളം സമുച്ചയങ്ങള്‍ 2021 ജനുവരിയോടെ പൂര്‍ത്തിയാക്കും.
പലകാരണങ്ങളാല്‍ നിര്‍മാണം മുടങ്ങിപ്പോയ വീടുകളുടെ പൂര്‍ത്തീകരണമാണ് ഒന്നാം ഘട്ടത്തില്‍ ഏറ്റെടുത്തത്. ഇതില്‍ 52,084 വീടുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഈ വിഭാഗത്തിലാകെ 54,169 അര്‍ഹരെയാണ് കണ്ടെത്തിയത്. ഇതില്‍ 96.15 ശതമാനം പൂര്‍ത്തിയായി. ബാക്കിയുള്ളതില്‍ 1266 വീടുകളുടെ നിര്‍മാണം വിവിധ ഘട്ടത്തില്‍ പുരോഗമിക്കുന്നു.
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവന രഹിതരുടെ വീടുകളുടെ നിര്‍മാണമാണ് ഏറ്റെടുത്തത്. ഇതില്‍ 77,424 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. 81.38 ശതമാനമാണിത്. ബാക്കിയുള്ള 17,712 വീടുകളില്‍ പുതിയതായി എഗ്രിമെന്റ് വെച്ച 2065 വീടുകള്‍ ഒഴികെ ബാക്കിയുള്ളവ നിര്‍മാണ പുരോഗതിയിലാണ്.&nbsp;</p>
ഇത് കൂടാതെ മറ്റ് വിഭാഗങ്ങളായ പി എം എ വൈ അര്‍ബന്‍ വിഭാഗത്തില്‍ നിന്നും 48446, പി എം എ വൈ റൂറല്‍ 16703, പട്ടികജാതി വിഭാഗത്തില്‍ നിന്നും 19,018, പട്ടിക വര്‍ഗം 1745, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ നിന്നുമുള്ള 3734&nbsp; വീടുകളുടേയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ 3332 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് ധനസഹായമായി&nbsp; നല്‍കിയിട്ടുണ്ട്. ഈ വിഭാഗത്തില്‍ നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഭൂമിയോ വീടോ ഇല്ലാത്തവരുടെ പുനരധിവാസമാണ് മൂന്നാം ഘട്ടത്തില്‍ ഏറ്റെടുക്കുന്നത്.