വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: സി.ബി.ഐക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.</p>
സി.ബി.ഐയുടെ എഫ്.ഐ.ആര്‍. നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണ്. കരാറില്‍ സര്‍ക്കാരിന് പങ്കില്ല. ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള കരാര്‍ റെഡ് ക്രെസന്റും യൂണിടാക്കും തമ്മിലാണ്-ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു
അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ. അന്വേഷണത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണത്തിനെതിരേ അപ്പീല്‍ പോവാന്‍ നേരത്തെ മന്ത്രിസഭ തീരുമാനിച്ചിരുന്നു.</p>
ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിദേശസഹായ നിയന്ത്രണ നിയമലംഘനത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെ സി.ബി.ഐ. കേസെടുത്ത് അന്വേഷണം ആരംഭിച്ചതാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഡല്‍ഹി സ്‌പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് രാജ്യത്തെ അഴിമതി കേസുകള്‍ സി.ബി.ഐ. അന്വേഷിക്കുന്നത്. ഇതിന് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്. എന്നാല്‍, കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സി.ബി.ഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുണ്ട്. ഈ അനുമതി പിന്‍വലിക്കാന്‍ കേരളത്തിന് കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.