തൊഴിലില്ലായ്മയ്‌ക്കെതിരെ സി.പി.ഐ.എം നേതൃത്വത്തില്‍ യുവാക്കളുടെ വൻ പ്രതിഷേധം; വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിൽ തൊഴിലില്ലായ്മയ്ക്ക് എതിരെ ഇടത് വിദ്യാർത്ഥി സംഘടനകളുടെ വൻ പ്രതിഷേധം. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംസ്ഥാനത്ത് തൊഴിലില്ലായ്മ വര്‍ധിക്കുകയാണെന്നും എല്ലാവര്‍ക്കും തൊഴില്‍ ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സെക്രട്ടറിയേറ്റിനുനേരെ പ്രതിഷേധക്കാര്‍ നടത്തിയ റാലി പൊലീസ് തടഞ്ഞു.

ഹൗറയിൽ നിന്ന് നഗരമധ്യത്തിലേക്ക് കടക്കാൻ ശ്രമിച്ച റാലി പൊലീസ് തടയുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടി.

വൻപങ്കാളിത്തമുണ്ടായിരുന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിച്ചു. സമരക്കാരിൽ ചിലർക്ക് പരിക്കുണ്ടെന്നാണ് സൂചന. ചില മാധ്യമപ്രവർത്തകർക്കും സമരത്തിൽ പരിക്കേറ്റിട്ടുണ്ട്.

നബന്ന ചലോ’ അഥവാ, നിയമസഭയിലേക്ക് പോകാം – എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. കേന്ദ്ര – സംസ്ഥാനസർക്കാരുകൾ തൊഴിലില്ലാത്ത യുവാക്കൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു.