നിക്ഷേപ തട്ടിപ്പ് കേസ്; കമറുദ്ദീനെതിരെ പാർട്ടിതല നടപടി

മലപ്പുറം:നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ആരോപണത്തിൽ മഞ്ചേശ്വരം എംഎൽഎയും ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനുമായ എം സി
കമറുദ്ദീനെതിരെ പാർട്ടിതല അച്ചടക്ക നടപടി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ നീക്കി.

കമറുദ്ദീൻ നിലവിൽ വർക്കിംഗ് കമ്മിറ്റി
അംഗമായിരുന്നു.ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വർക്കിംഗ് കമ്മിറ്റി യോഗത്തിലും കമറുദ്ദീനെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് പാർട്ടി തീരുമാനിച്ചു.

നിക്ഷേപകരുമായി ബന്ധപ്പെട്ടുള്ള പണം ആറുമാസത്തിനകം തിരിച്ചു നൽകണമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

നേതാവിനെ  അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് പാണക്കാട് ചേരാനിരുന്ന യോഗം ആദ്യം മാറ്റിവെച്ചെങ്കിലും ചില
ആലോചനകൾ നടത്തിയശേഷം പിന്നീട് പാണക്കാട് യോഗം ചേരുകയായിരുന്നു.

കാസർകോട്ടെ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ്
തീരുമാനം.ഈ മാസം 30 നകം കമറുദ്ദീന്റെ ആസ്തിബാധ്യതകൾ പാർട്ടിയെഅറിയിക്കണം.നിക്ഷേപതട്ടിപ്പുകേസിലെ മധ്യസ്ഥതയ്ക്ക് ജില്ലാ നേതാവിനെ
ചുമതലപ്പെടുത്തി.

ജില്ല ട്രഷർ കല്ലട്ര മാഹിൻ ഹാജിയെയാണ് പാർട്ടി നിയമിച്ചിരിക്കുന്നത്. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ബാധ്യതകൾ പാർട്ടി
ഏറ്റെടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.