കേരളത്തില്‍ പുത്തനുണര്‍വുമായി കോണ്‍ഗ്രസ് ; ഭാരവാഹികള്‍ ഉടന്‍; ലോക്‌സഭാ സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക രാഹുലുമായി പങ്ക് വച്ച് മുല്ലപ്പള്ളി ബ്രിഗേഡ്

നിയുക്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പ്രചാരണ സമിതി അധ്യക്ഷന്‍ കെ മുരളീധരനും രാഹുല്‍ ഗാന്ധിയെക്കണ്ടത് കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള പാക്കേജുമായി.എപ്പോഴും സംഭവിക്കാറുള്ളതു പോലെ വച്ചു താമസിപ്പിക്കാതെ ഭാരവാഹിപ്പട്ടിക ഹൈക്കമാന്‍ഡിന് കൈമാറുമെന്ന് സംഘം രാഹുല്‍ ഗാന്ധിയെ അറിയിച്ചു.പ്രവര്‍ത്തന മികവും ജന സ്വാധീനവും കണക്കിലെടുത്ത് മാത്രമാകും ഭാരവാഹികളെ നിശ്ചയിക്കുകയെന്ന് നേതാക്കള്‍ രാഹുലിനെ അറിയിച്ചു.നേതാക്കളുടെ നോമിനികള്‍ക്ക് ഗ്രൂപ്പ് നോക്കി വീതം വയ്ക്കുന്ന പതിവ് ഉണ്ടാകില്ലെന്നും പരമാവധി പുതുമുഖങ്ങളേയും വനിതകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന് പുതിയ നേതൃത്വം ഉറപ്പ് നല്‍കി.കേരളത്തിലെ കാര്യങ്ങളില്‍ അവിടെത്തന്നെ അന്തിമ തീരുമാനമുണ്ടാക്കണമെന്ന നിര്‍ദേശമാണ് രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ചത്.

പാര്‍ട്ടിയില്‍ നിന്നകന്ന മത-സമുദായ സംഘടനകളെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി തിരികെ കൊണ്ടു വരണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.പ്രസിഡന്റിനൊപ്പം എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ കെ മുരളീധരനെയും ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ ബന്നി ബഹനാനെയും ചുമതലപ്പെടുത്തി.എസ്എന്‍ഡിപി യോഗവുമായും ബിഡിജെഎസുമായും വേണ്ടി വന്നാല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും രാഹുല്‍ നേതാക്കളെ അറിയിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാഹുലിനെ അറിയിച്ചു.കൊടിക്കുന്നിലും സംസ്ഥാനത്ത് നില്‍ക്കാനാണ് തല്‍പര്യം എന്നറിയിച്ചെങ്കിലും മാവേലിക്കരയില്‍ വിജയിക്കണമെങ്കില്‍ കൊടിക്കുന്നില്‍ തന്നെ രംഗത്തിറങ്ങണമെന്നും മുല്ലപ്പള്ളിയും ബന്നി ബഹനാനും വ്യക്തമാക്കി.

തിരുവനന്തപുരത്ത് ശശി തരൂര്‍,ആറ്റിങ്ങലില്‍ എം എം ഹസന്‍, വി എം സുധീരന്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി,ഇടുക്കി മാണി ഗ്രൂപ്പിന് നല്‍കിയാല്‍ കോട്ടയത്ത് ടോമി കല്ലാനി, ലതിക സുഭാഷ് , ഇടുക്കിയില്‍ വച്ച് മാറ്റം ഇല്ലെങ്കില്‍ പി സി ചാക്കോ,ഡീന്‍ കുര്യാക്കോസ്,ജോസഫ് വാഴയ്ക്കന്‍ ,ആലപ്പുഴ കെ സി വേണുഗോപാല്‍,എറണാകുളത്ത് കെ വി തോമസ്,ടോണി ചമ്മിണി, ചാലക്കുടിയില്‍ മാത്യു കുഴല്‍നാടന്‍, കെ പി ധനപാലന്‍ തൃശൂരില്‍ ടി എന്‍ പ്രതാപന്‍,പാലക്കാട്ട് വി കെ ശ്രീകണ്ഠന്‍, ആലത്തൂരില്‍ പന്തളം സുധാകരനോ കെ എ ഷീബയോ വടകരയില്‍ ടി സിദ്ദിഖ് കോഴിക്കോട്ട് എം കെ രാഘവന്‍, വയനാട്ടില്‍ എം ഐ ഷാനവാസില്ലെങ്കില്‍ ഷാനിമോള്‍ ഉസ്മാന്‍,കണ്ണൂരില്‍ കെ സുധാകരന്‍ കാസര്‍ഗോഡ് എ പി അബ്ദുള്ളക്കുട്ടി,ബാലകൃഷ്ണന്‍ പെരിയ,കെ നീലകണ്ഠന്‍ എന്നിങ്ങനെ പ്രാഥമിക പട്ടിക നേതാക്കള്‍ രാഹുലുമായി പങ്ക് വച്ചു.

മാണിയുടെ മടങ്ങി വരവ് വേളയില്‍ കോട്ടയത്തിന് പകരം വയനാടോ ഇടുക്കിയോ നല്‍കാമെന്ന് ധാരണയുണ്ടായിരുന്ന കാര്യവും ബെന്നി ബഹനാന്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് വേഗത്തില്‍ അന്തിമ രൂപം നല്‍കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചു.യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കാനും ധാരണയായി.

പതിവ് ശീലങ്ങള്‍ ഉപേക്ഷിച്ച് മുന്‍പേ പറക്കാനാണ് കേരളത്തിലെ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത് എന്ന സൂചന നല്‍കിയാണ് കോണ്‍ഗ്രസ് അധ്യക്ഷനുമായുള്ള കൂടിക്കാഴ്ച അഞ്ചുനേതാക്കളും അവസാനിപ്പിച്ചത്.