ശബരിമല സമരത്തെ രാഷ്ട്രീയമായി നേരിടാന്‍ ഇടത് മുന്നണി; 16 ന് തിരുവനന്തപുരത്ത് വിശദീകരണയോഗത്തില്‍ പിണറായി വിജയന്‍ പങ്കെടുക്കും

ഹിന്ദുസംഘടനകളെ മുന്നില്‍ നിര്‍ത്തി ബിജെപിയും കോണ്‍ഗ്രസും ശബരിമല സമരം ഏറ്റെടുത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായിത്തന്നെ അതിനെ നേരിടാന്‍ ഇടതുമുന്നണി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി ഇടതുമുന്നണി വിശദീകരണയോഗങ്ങള്‍ സംഘടിപ്പിക്കും.ഈ മാസം 16ന് തിരുവനന്തപുരത്ത് നടക്കുന്ന വിശദീകരണയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.

എന്‍ഡിഎയുടെ വിശ്വാസ സംരക്ഷണയാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നതിന്റെ പിറ്റേന്ന് തന്നെ വന്‍ ജനക്കൂട്ടത്തെ അണിനിരത്തി മുഖ്യമന്ത്രിയെക്കൊണ്ട് ശബരിമല വിഷയത്തിലെ യാഥാര്‍ത്ഥ്യങ്ങള്‍ വിശദീകരിക്കാനാണ് ഇടതുമുന്നണിയുടെ നീക്കം.17 ന് തുലാമാസ പൂജയ്ക്കായി നട തുറക്കും മുന്‍പ് തന്നെ രാഷ്ട്രീയമായി പ്രതിഷേധങ്ങളെ നേരിടാനാണ് ഇടതുമുന്നണി ശ്രമം.17 ന് മുഖ്യമന്ത്രി യുഎഇയിലേക്ക് പോവുകയാണ്.

സംസ്ഥാന സര്‍ക്കാരല്ല, കോടതിയാണ് ഇത്തരമൊരു വിധിക്കു പിന്നിലെന്നും വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി തീരുകയായിരുന്നെന്നുമാകും നേതാക്കള്‍ യോഗങ്ങളില്‍ വിശദീകരിക്കുക. വിധിയെ ആദ്യം അനുകൂലിച്ച കോണ്‍ഗ്രസിന്റെയും ആര്‍.എസ്.എസിന്റെയും നിലപാടുകളെയും തുറന്നു കാട്ടും.

സി.പി.എമ്മും അതിന്റെ സംഘടനാശേഷി പൂര്‍ണമായി വിനിയോഗിച്ച് സര്‍ക്കാരിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ് ആലോചിക്കുന്നത്. പിന്നാക്ക സമുദായ സംഘടനകളെ ഒപ്പം നിര്‍ത്തി എന്‍.എസ്.എസിന്റെയും യോഗക്ഷേമ സഭയുടെയും എതിര്‍പ്പിനെ മറികടക്കാനാണ് ഇടതുമുന്നണിയുടെ നീക്കം

ഔദ്യോഗിക വാര്‍ത്താസമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നിലപാടുകള്‍ അറിയിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഹിന്ദു വികാരത്തിന് എതിരാണെന്ന ധാരണ പരത്താന്‍ ബിജെപിയും കോണ്‍ഗ്രസും കൊണ്ടുപിടിച്ച് ശ്രമം നടത്തുന്നതിനെ രാഷ്ട്രീയമായിത്തന്നെ നേരിടണമെന്നാണ് എല്‍ഡിഎഫിലെ പൊതു വികാരം,