ലതികാ സുഭാഷ് വേറിട്ടൊരു കോൺഗ്രസ് അനുഭവമാകട്ടെ

ലതികാ സുഭാഷ് സംസ്ഥാന മഹിളാ കോൺഗ്രസ് അധ്യക്ഷയായി തിങ്കളാഴ്ച തിരുവനന്തപുരത്ത് ഇന്ദിരാ ഭവനിൽ ചുമലതയേറ്റു. അതു കാണാൻ ഞാനും പോയിരുന്നു. സന്തോഷം തോന്നി. വിവാദങ്ങളിലൊന്നും ചെന്നു പെടാത്ത ഒരു കോൺഗ്രസ് വനിത ആ പദവിയിലെത്തിയതിൽ. നന്മയും സ്നേഹവും നേരുമുളള ഒരു സ്ത്രീ.

സമപ്രായക്കാരിയായ ലതികയെ ഞാനാദ്യം കാണുന്നത് കോളേജ് പഠന കാലത്ത് ഊട്ടിയിലെ അതിമനോഹരമായ ഫേൺഹില്ലിൽ ഗുരു നിത്യ ചൈതന്യ യതിയുടെ ആശ്രമത്തിൽ വച്ച്. ഒരന്തേവാസിയായി. ഒരു പക്ഷെ , ലതികയുടെ ഈ പൂർവ്വാശ്രമം ഇപ്പോഴത്തെ മിക്ക കോൺഗ്രസ് നേതാക്കളും അറിയുന്നുണ്ടാവില്ല.

ഗുരുവിന്റെ കൂടെ കുറെ നാൾ താമസിക്കാൻ വേണ്ടി അനുവാദവും തേടിയാണ് ഞാൻ ഫേൺഹില്ലിലെത്തിയത്. അന്നത്തെ ലതിക ഇന്നത്തെപ്പോലെ ബോബ് ചെയ്തിട്ടില്ല. ചുരുണ്ടു നീണ്ട കറുത്ത മുടി. ആരും ഇഷ്ടപ്പെടുന്ന പ്രകൃതം.. ബഹുവർണമണിഞ്ഞു തികഞ്ഞൊരു പാപ്പാത്തിയെ പോലെ.ഞങ്ങൾ വേഗം കൂട്ടുകാരായി…

ചില സ്വകാര്യ ദുഖങ്ങളുമായിട്ട് ഗുരുവിനെ കാണാനാണ് ലതിക വന്നത്. ഞാനും ഒരു ഡിപ്രഷൻ വേവിലാണ് ഫേൺഹില്ലിലെത്തിയത്.എനിക്ക് പ്രിയപ്പെട്ട രണ്ടുപേർ…. സഖാക്കൾ… സി.വി ജോസും എം.എസ് പ്രസാദും കാമ്പസ് രാഷ്ട്രിയത്തിലെ ശത്രുക്കളുടെ ക്രൂര കൊലക്കത്തിക്ക് ഇരയായതിന് ശേഷമുള്ള കാലമായിരുന്നു.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ ജോസും പ്രസാദും ഡിഗ്രിക്ക് ചേരുമ്പോൾ SFI മെംബർഷിപ്പ് ഒപ്പിട്ടു നൽകിയത് യൂണിറ്റ് സെക്രട്ടറിയായ ഞാനായിരുന്നു. അവർ പലപ്പോഴും എന്റെ വീട്ടിൽ വന്നു. അമ്മ പാകം ചെയ്ത ആഹാരം കഴിച്ചു…. വീട്ടിൽ ഉണ്ടുറങ്ങി. അന്നത്തെ ആ ജീവിതത്തിനു സംഭവിച്ച വിഘാതം…പ്രിയപ്പെട്ട രണ്ടു പേരുടെ വിയോഗം എന്നെ തളർത്തിയിരുന്നു. ഡിഗ്രി പഠനം മുടങ്ങി.വീട്ടുകാരും നാട്ടുകാരും എന്നെ എഴുതി തളളി… രാഷ്ട്രീയം കളിച്ച് സ്വയം നശിച്ചുവെന്ന് പറഞ്ഞ്…

സോഷ്യലിസം പറയുകയും എഴുതുകയും ചെയ്യുന്ന ഒരു സന്യാസിയെ കാണാൻ അന്ന് ആഗ്രഹം തോന്നി…നിത്യചൈതന്യ യതി. അദ്ദേഹം മനശാസ്ത്രജ്ഞൻ കൂടിയാണല്ലോ. കൗൺസിലിംഗും കിട്ടുമല്ലോ. വ്യത്യസ്ത കാരണങ്ങളാൽ ലതികയും ഞാനും അങ്ങനെ ഒരാളിന് മുന്നിലെത്തി…. ഗുരു നിത്യയുടെ മുന്നിൽ.സന്യാസി മാത്രമല്ല , മലയാളികൾ ഏറ്റവും കുടുതൽ വായിക്കുന്ന എഴുത്തുകാരൻ കൂടിയാണ് അന്നദ്ദേഹം. ഗുരുവിന്റെ പുസ്തകങ്ങളെല്ലാം ബെസ്റ്റ് സെല്ലേഴ്സ്.

അദ്ദേഹം ലതികയുടെ മനസിലുണ്ടാക്കിയ ചലനങ്ങൾ ലതികയുടെ പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തിൽ നേരിനും സത്യത്തിനൊപ്പം നിൽക്കാൻ പ്രേരരണയായിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതുന്നത്.

ഒരായിരം പുസ്തകം വായിച്ചാൽ കിട്ടുന്നതിനേക്കാൾ കൂടുതൽ ഹൃസ്വ ആശ്രമ ജീവിതത്തിൽ ഗുരു നിത്യയിൽ നിന്നുമെനിക്ക് കിട്ടി. പിന്നീട് കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിൽ പഠിക്കാനും ഗവേഷണത്തിനും പോയത് ഗുരു നിത്യയുടെ നിർദ്ദേശ പ്രകാരമായിരുന്നു.

ഇന്ന് , ലതികാ സുഭാഷിന് വലിയൊരു ദൗത്യം. സ്ത്രീ പലപ്പോഴും ഇരയാക്കപ്പെടുന്ന നാട്ടിൽ സധൈര്യം മുന്നോട്ട് പോവാൻ കഴിയട്ടെ….എല്ലാ ആശംസകളും.