ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും നൽകാൻ കെഎസ് എഫ്ഇ

തിരുവനന്തപുരം: ലാപ്ടോപ് ആവശ്യമുള്ള മുഴുവൻ കുട്ടികൾക്കും നൽകാൻ കെഎസ് എഫതയ്യാർ. ഇതിനു വേണ്ടി ചെയ്യേണ്ടത് 500 രൂപ വീതം 30 മാസം അടയ്‌ക്കേണ്ട വിദ്യാശ്രീ ചിട്ടിയിൽ ചേരുകയാണ്. ഏതൊരു കുടുംബശ്രീ അംഗത്തിനും ഈ ചിട്ടിയിൽ ചേരാം. 3 മാസം പണമടച്ചു കഴിഞ്ഞാൽ ലാപ്ടോപ് നിങ്ങൾക്ക് അഡ്വാൻസ് ആയി തരും . ഈ അഡ്വാൻസിന് പലിശയും നൽകേണ്ടതില്ല .
ഈ ചിട്ടിയിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യം ഇത് മാത്രമല്ല

1. പത്ത് തവണ മുടക്കമില്ലാതെ അടച്ചാൽ ഒരു തവണ ഫ്രീ, എന്ന് വച്ചാൽ വട്ടമെത്തുമ്പോഴേക്കും 1500 രൂപ ഡിസ്‌കൗണ്ട് കിട്ടും.

2. ഇനി വേറെയുമുണ്ട് ഡിസ്കൗണ്ട്, പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് 2500 രൂപ സബ് സിഡി നൽകാൻ പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുപോലെ ഫിഷറീസ് മേഖലയിൽ നിന്നുള്ളവർക്കും സബ്സിഡി ലഭിക്കും. കുട്ടികൾക്ക് സബ്സിഡി നൽകാൻ പിന്നോക്ക വികസന കോർപ്പറേഷനോടും മുന്നോക്കവികസന കോർപ്പറേഷനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കും സബ്സിഡി നൽകാം.

3. സിഎസ്ആർ ഫണ്ടുകളുടെ പിന്തുണ പ്രത്യേകം അഭ്യർത്ഥിക്കുന്നുണ്ട്. അവരുടെ പിന്തുണകൂടി കിട്ടിയാൽ എല്ലാ കുട്ടികൾക്കും കുറച്ചെങ്കിലും സബ്സിഡി നൽകാൻ കഴിയും.

4. കൃത്യമായി എല്ലാ അംഗങ്ങളുടെയും പണം പിരിച്ചടക്കുന്ന കുടുംബശ്രീ യൂണിറ്റിന് 2% കമ്മീഷൻ.

ഈ ചിട്ടിയിൽ ആർക്കും ചേരാം.
പക്ഷെ ലാപ്ടോപ്പ് വേണ്ടായെന്നുള്ളവർക്ക് മുഴുവൻ തുകയും പതിമൂന്നാമത്തെ തവണ മുതൽ വാങ്ങാം. ഭാവി തിരിച്ചടവിന് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും ,

ഏതുതരം ലാപ്ടോപ്പ് ആണ് ലഭിക്കുക? പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിന് ഏതെല്ലാം സൗകര്യങ്ങൾ കമ്പ്യൂട്ടറിൽ വേണമെന്നുള്ളത് വിദ്യാഭ്യാസ വകുപ്പ് വിദഗ്ധസമിതിയെ വച്ച് തീരുമാനിച്ചിട്ടുണ്ട്. ഇത് ടെണ്ടർ ചെയ്യുന്നത് ഐടി വകുപ്പാണ്. ചുരുങ്ങിയത് ആദ്യഘട്ടത്തിൽ രണ്ടു ലക്ഷം ലാപ്ടോപ്പ് എങ്കിലും വാങ്ങുമെന്ന് ഉറപ്പുളതിനാൽ ഏറ്റവും വിലക്കുറവിന് ലാപ്ടോപ്പുകൾ ലഭ്യമാകും. ഈ ലാപ്‌ടോപ്പുകൾ ആണ് കെ എസ് എഫ് ഇ വകഴി നല്കുക. ഇതിൽ ഗെയിം കളിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാവില്ല.

ഇന്നലെ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ്, തദ്ദേശഭരണ മന്ത്രി എസി മൊയ്തീൻ, കുടുംബശ്രീ ഡയറക്ടർ ഹരികിഷോർ, കെഎസ്എഫ്ഇ ചെയർമാൻ ഫിലിപ്പോസ് തോമസ്, എം ഡി സുബ്രഹ്മണ്യൻ, ഐടി സെക്രട്ടറി ശിവശങ്കർ എന്നിവർ യോഗം ചേർന്ന് അവസാന തീരുമാനങ്ങൾ എടുത്തു. വേണ്ടി വരുന്ന ലാപ്ടോപ്പുകളുടെയും കുറിയിൽ ചേരാൻ താൽപ്പര്യമുള്ളവരുടെയും കണക്കെടുക്കൽ കുടുംബശ്രീ നടപ്പാക്കും .
കെഎസ്എഫ്ഇ ഇതുകൊണ്ട് സാമ്പത്തീക നേട്ടം ലക്ഷ്യം ഇടുന്നില്ല. അത്രയധികം ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ആണ് നല്കുന്നത്. 1000 കോടിയെങ്കിലും അഡ്വാൻസ് ആയി ചെലവാക്കുകയും വേണം. അതിനുള്ള പലിശയും വരും. സർക്കാർ ഭാഗീകമായി പലിശ ഭാരം ഏറ്റെടുക്കാം എന്നേറ്റിട്ടുണ്ട്. അത് കൊണ്ട് വലിയ നഷ്ടം ഉണ്ടാവില്ല. അപ്പോൾ പിന്നെ ഒരു ധനകാര്യ സ്ഥാപനം ഇത്തരം ഒരു യജ്ഞത്തിന് ഇറങ്ങുന്നത് എന്തിന്?

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ കുതിപ്പിൽ കെഎസ്എഫ്ഇയും പങ്കാളി ആവുകയാണ്. എല്ലാ വീട്ടിലും ലാപ്ടോപ്പും ഡിസംബറിൽ കെ – ഫോൺ കണക്ഷനും ചേരുമ്പോൾ അതൊരു ഡിജിറ്റൽ വിപ്ലവത്തിന് വഴി തെളിക്കും. അതിൽ കെഎസ്എഫ്ഇക്കു അഭിമാനകരമായ പങ്കാളിത്തം ഉണ്ടാവും . കെഎസ്എഫ്ഇയുടെ ഇടപ്പാടുകാരിൽ മഹാഭൂരിപക്ഷവും ഇടത്തരക്കാരും അതിനു മേലോട്ടുള്ളവരുമാണ്. പക്ഷേ ഇപ്പോൾ താഴെതട്ടിൽ നിന്ന് ഒരു പക്ഷേ 10 ലക്ഷം അല്ലെങ്കിൽ 20 ലക്ഷം പേർ പുതുതായി വരുകയാണ്. അതോടെ കെഎസ്എഫ്ഇയുടെ കോർപ്പറേറ്റ് മുഖഛായ തന്നെ മാറാൻ പോകുകയാണ്.