ഭൂമിയിടപാട്: കര്‍ദിനാളിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കമുളളവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. കേസിലെ എഫ്‌ഐആറും തുടര്‍നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെയും വിവിധ വിശ്വാസി സംഘടനകള്‍ ചേര്‍ന്ന് പുതിയ സംഘടനയ്ക്ക് രൂപം നല്‍കി.

കേസിലെ നാല് പ്രതികളില്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ്ജ് ആലഞ്ചേരി, ഫാ ജോഷി പുതുവ, ഇടനിലക്കാരനായിരുന്ന സാജു വര്‍ഗീസ് എന്നിവരാണ് കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി ഉത്തരവനുസരിച്ച് കര്‍ദിനാളടക്കം നാലുപേരെ പ്രതികളാക്കി കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. എന്നാല്‍ അപ്പീലില്‍ തീരുമാനമാകുംവരെ തുടര്‍ നടപടി വേണ്ടെന്നാണ് പൊലീസ് തീരുമാനം. ഇതിനിടെ എറണാകുളം അങ്കമാലി അതിരൂപതയിലെ 16 ഫൊറോനകളിലെയും അല്‍മായ പ്രസ്ഥാനങ്ങളിലെ നേതാക്കളും, മുന്‍കാല നേതാക്കളും ചേര്‍ന്ന് ആര്‍ച്ച് ഡയസീഷ്യന്‍ മൂവ്‌മെന്റ് ഫോര്‍ പീസ് എന്ന പുതിയ ഫോറം രൂപീകരിച്ചു.

ഭൂമി ഇടപാട് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ അവസാനിപ്പിച്ച് പ്രശ്‌നം വൈദികരും വിശ്വാസി സമൂഹവും ഒറ്റക്കെട്ടായി നിന്ന് പരിഹരിക്കണമെന്നാണ് ആവശ്യം. പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കര്‍ദ്ദിനാളിനും,സഹായമെത്രാന്മാര്‍ക്കും കത്ത് കൈമാറിയ സംഘടനാ പ്രതിനിധികള്‍ സിനഡിനെയും വരും ദിവസങ്ങളില്‍ കാണും.