ലാലുപ്രസാദിന്റെ മകന്റെ വിവാഹത്തില്‍ ഭക്ഷണത്തിനായി ജനങ്ങളുടെ കടന്നാക്രമണം

പാറ്റ്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹവേദിയില്‍ ജനങ്ങളുടെ കടന്നാക്രമണം. തേജ്പ്രതാപും ആര്‍ജെഡി എംഎല്‍എ ചന്ദ്രിക റോയിയുടെ മകള്‍ ഐശ്വര്യ റോയിയും തമ്മില്‍ മാലയണിയിച്ചതോടെ ഭക്ഷണം തയാറാക്കിവെച്ചിരിക്കുന്നിടത്തേയ്ക്ക് ജനങ്ങള്‍ ഇടിച്ചുകയറി.

വിഐപികള്‍ക്കും മാധ്യമങ്ങള്‍ക്കം ഭക്ഷണത്തിനായി പ്രത്യേകം സജീകരണം ചെയ്തിരുന്നു. അവിടേയ്ക്കും ആളുകള്‍ ഇടിച്ചുകയറിയതോടെ വിവാഹ സല്‍ക്കാരം അലങ്കോലമായി. ചിലര്‍ കൈയില്‍കിട്ടിയ ഭക്ഷണപാത്രങ്ങളുമായി കടന്നുകളഞ്ഞതോടെ വിവാഹത്തിനെത്തിയ പലരും ഭക്ഷണം കഴിക്കാതെ മടങ്ങി. ഭക്ഷണമൊരുക്കുന്നതിന്റെ കരാറെടുത്ത ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം ഏഴായിരത്തോളം പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

ആര്‍ജെഡി പ്രവര്‍ത്തകര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ക്യാമറകള്‍ക്ക് കേടുവരുത്തുകയും ചെയ്തു. ഭക്ഷണം കഴിക്കാനെത്തുന്നവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നകാര്യത്തില്‍ വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്‌നമായത്.

ബിഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ പാലിക്ക്, മുഖ്യമന്ത്രി നിതീഷ് കുമാര്‍, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വന്‍, ശരദ് യാദവ്, ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.ജെ.പി. എം.പി.മാരായ ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, എന്‍.സി.പി. നേതാവ് പ്രഫുല്‍ പട്ടേല്‍, തേജസ്വി യാദവ്, കോണ്‍ഗ്രസ് നേതാവ് ദ്വിഗ്വിജയ് സിങ്, എന്നിവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.