നവംബറിനു ശേഷം ശമ്പളം കൊടുക്കാനുള്ള പണം കുവൈത്തിന്റെ കയ്യിലില്ലെന്ന് ധനമന്ത്രി

കുവൈത്ത് സിറ്റി: നവംബറിനു ശേഷം ശമ്പളം കൊടുക്കാനുള്ള പണം കുവൈത്തിന്റെ കയ്യിലില്ലെന്ന് ധനമന്ത്രി ബരാക് അല്‍ ഷീതന്‍. ഏകദേശം 200 കോടി
ദിനാര്‍ മാത്രമാണ് സര്‍ക്കാര്‍ ഖജനാവില്‍ അവശേഷിക്കുന്നതെന്നും നവംബറിനു ശേഷം രാജ്യത്തെ സര്‍ക്കാര്‍ മേഖലകളിലെ ശമ്പളം നല്‍കാനുള്ള പണം
തികയില്ലെന്നും ധനമന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

പ്രതിമാസം 170 കോടി ദിനാര്‍ എന്ന നിരക്കിലാണ് ജനറല്‍ റിസര്‍വ് ഫണ്ടില്‍ നിന്ന് സര്‍ക്കാര്‍ പണം പിന്‍വലിക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ട് എണ്ണവില ഉയരുകയോ പ്രാദേശിക, അന്താരാഷ്ട്ര വിപണികളില്‍ നിന്ന് വായ്പ വാങ്ങുകയോ
ചെയ്തില്ലെങ്കില്‍ ഖജനാവില്‍ അവശേഷിക്കുന്ന പണം കൂടി ഇല്ലാതാകുമെന്നും ധനമന്ത്രി അറിയിച്ചതായി ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനവും എണ്ണവിലയിലെ ഇടിവും മൂലം ഗള്‍ഫ് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലാണ്. നിലവിലെ പ്രതിസന്ധി കുവൈത്തിനെ
സംബന്ധിച്ചിടത്തോളം വളരെ വലിയ വെല്ലുവിളിയാണെന്നാണ് മന്ത്രി പറഞ്ഞത്.

വായ്പയെടുക്കുന്നത് സംബന്ധിച്ച നിയമം ഫിനാന്‍സ് പാനലിന്
വിട്ടുകൊടുക്കാനും പാനല്‍ പഠിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും പാര്‍ലമെന്റ് ബുധനാഴ്ച തീരുമാനമെടുത്തു.

അതേസമയം, ഈ
നിയമം 2017-ല്‍ നടപ്പാക്കിയിരുന്നെങ്കില്‍ നിലവിലെ സ്ഥിതിയില്‍ രാജ്യം എത്തിപ്പെടില്ലായിരുന്നെന്ന് ധനമന്ത്രി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാതാക്കളോടായി
പറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏകദേശം 20 ബില്യണ്‍ ദിനാര്‍ വായ്പയായി വാങ്ങുന്നതിന് പാര്‍ലമെന്റ് അനുമതിക്കായി കാത്തിരിക്കുകയാണ്.

സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേടിരുന്നതിനാല്‍ ഭാവി തലമുറയ്ക്കായി മാറ്റി വെക്കുന്ന ഫണ്ടിലേക്കുള്ള 10 ശതമാനം വരുമാനം താല്‍ക്കാലികമായി
നിര്‍ത്തിവെക്കാനുള്ള ബില്ലിന് നിയമനിര്‍മ്മാതാക്കള്‍ അനുമതി നല്‍കിയിട്ടുണ്ട്. ലോകത്തിലെ നാലാമത്തെ വലിയ ധനനിക്ഷേപമായ കുവൈത്ത് ഇന്‍വെസ്റ്റ്മെന്റ്
അതോറിറ്റിയാണ് ഈ ഫണ്ട് കൈകാര്യം ചെയ്യുന്നത്.

വായ്പാ ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയില്ലെങ്കില്‍ ഇപ്പോഴത്തെ നിയമനിര്‍മ്മാണ സഭയുടെ
കാലാവധി അവസാനിക്കുമ്പോള്‍ ഉത്തരവിലൂടെ നിയമം പ്രാബല്യത്തില്‍ വരുത്തുകയെന്ന മാര്‍ഗമാണ് സര്‍ക്കാരിന് മുമ്പിലുള്ളത്.