പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ചു; പ്രധാന വേഷത്തിൽ ദുൽഖർ

ദുരൂഹത അവശേഷിപ്പിക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ‘കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിന്റെ റോളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീനാഥ് രാജേന്ദ്രനാണ്. സെക്കന്റ് ഷോ, കൂതറ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രമാണിത്. കൂതറ പുറത്തിറങ്ങി അഞ്ച് വര്‍ഷമാവുമ്പോഴാണ് ശ്രീനാഥ് അടുത്ത സിനിമയുമായി എത്തുന്നത്. ശ്രീനാഥ് രാജേന്ദ്രൻ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് ‘കുറുപ്പ്’ ചിത്രീകരണം ആരംഭിച്ച വിവരം അദ്ദേഹം പങ്കു വെച്ചത്.

അഞ്ചു വർഷത്തെ അധ്വാനം കൊണ്ടാണ് ഇതുവരെ എത്തിയതെന്ന് പറയുന്ന ശ്രീനാഥ് ദുൽഖർ സല്മാന് നന്ദി അറിയിക്കുന്നുണ്ട്. സിനിമയുടെ അണിയണ പ്രവർത്തകരെയും അഭിനേതാക്കളെയും ഉടൻ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഒപ്പം കുറുപ്പിൻ്റെ ഒരു ഫാൻ മേഡ് പോസ്റ്ററും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
സാനി യാസ് ഡിസൈന്‍ ചെയ്ത ഒരു ഫാന്‍ പോസ്റ്ററിനൊപ്പമാണ് ചിത്രീകരണം തുടങ്ങുന്ന വിവരം ശ്രീനാഥ് പ്രേക്ഷകരുമായി പങ്കുവച്ചത്. ദുല്‍ഖറിന് ഒപ്പം അഭിനയിക്കുന്നവരുടെയും മറ്റ് ക്രൂ അംഗങ്ങളുടെയും വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും സംവിധായകന്‍ പറയുന്നു.

കേരളത്തിലെ കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളിയാണ് സുകുമാരക്കുറുപ്പ്. 1984-ൽ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ ഇയാൾ കൊലപ്പെടുത്തി ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ച ശേഷം താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ താൻ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി 8 ലക്ഷം രൂപ തട്ടിയെടുത്തു. ആലപ്പുഴയ്ക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു.

പിന്നീട് അയാൾ ഈ മൃതദേഹം വീട്ടിലെത്തിച്ച്, മരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുത്തി ആളൊഴിഞ്ഞ വഴിയരികിൽ കാറുൾപ്പെടെ കത്തിക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത്, കൊല്ലകടവ് – പൈനുമ്മൂട് റോഡിനരികിൽ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ, കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. സംഭവശേഷം സുകുമാരക്കുറുപ്പ് ഒളിവിലാണ്. കാലം ഇത്ര കഴിഞ്ഞിട്ടും ആർക്കും കണ്ടെത്താൻ കഴിയാത്ത കുറ്റവാളിയാണ് സുകുമാരക്കുറുപ്പ്. പിന്നീട് ഈ കൊലപാതകത്തിൽ സുകുമാരക്കുറുപ്പിനെ സഹായിച്ച രണ്ട് സഹായികളെ പോലീസ് പിടികൂടിയിരുന്നു. ഇവർ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയായിരുന്നു.