നെയ്യാറ്റിന്‍കര ആത്മഹത്യ: ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു; കനത്ത പ്രതിഷേധം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കനത്ത പ്രതിഷേധം. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കനറാ ബാങ്ക് തിരുവനന്തപുരം റീജിയണല്‍ ഓഫീസിനു നേര്‍ക്ക് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രവര്‍ത്തകര്‍ ബാങ്ക് ഓഫീസ് തല്ലിത്തകര്‍ത്തു. കാനറ ബാങ്കിന്റെ തിരുവനന്തപുരം ജില്ലയിലെ മൂന്നുശാഖകള്‍ ഇന്ന് തുറക്കില്ല. ശാഖകള്‍ക്കുനേരെ പ്രതിഷേധങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് തീരുമാനം. അടച്ചിടുന്നത് നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകളാണ്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്റ്റ്യൂച്യുവിലുള്ള കനറാ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ പ്രകടനമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ ബാങ്ക് കോമ്പൗണ്ടിനുള്ളില്‍ പ്രവേശിക്കുകയും ബാങ്കിന്റെ ഉള്ളിലേയ്ക്ക് തള്ളിക്കയറുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് റിസപ്ഷന്‍ കൗണ്ടര്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് പോലീസ് എത്തി പ്രവര്‍ത്തകരെ തടയുകയും ബലപ്രയോഗത്തിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ശേഷം പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കനറാ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കൂടുതല്‍ പ്രതിഷേധമുണ്ടാകുമെന്ന കണക്കുകൂട്ടിലില്‍ ബാങ്കിനു മുന്നില്‍ വലിയ പോലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

എന്നാൽ മകള്‍ മരിച്ചശേഷവും പണം ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ വിളിച്ചെന്ന് ഗൃഹനാഥന്‍ ചന്ദ്രന്‍ പറഞ്ഞു. പണം എപ്പോള്‍ എത്തിക്കുമെന്ന് ചോദിച്ച് ഇന്നലെ വൈകിട്ട് അഞ്ചുവരെ ബാങ്കിന്റെ അഭിഭാഷകന്‍ വിളിച്ചു. ഫോണ്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചന്ദ്രന്‍ പറഞ്ഞു.

അമ്മയും മകളും ജീവനൊടുക്കിയതില്‍ ബാങ്ക് അധികൃതരെ പ്രതിയാക്കണമോയെന്ന് പൊലീസ് ഇന്ന് തീരുമാനിക്കും. ബാങ്കിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദമുണ്ടായതായി തെളിവ് ലഭിച്ചാല്‍ കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ മാരായമുട്ടത്തേയ്ക്ക് കൊണ്ടു പോകും.