കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെന്‍ഷന്‍ പ്രായം 60 ആക്കണമെന്നത് ഒരു നിര്‍ദേശം മാത്രമാണെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയെ മറയാക്കി എല്ലാ മേഖലകളിലും പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്ത് വരുമ്പോഴും എല്‍ഡിഎഫിന് രണ്ട് നിലപാടുകളാണെന്നും ചെന്നിത്തല പറഞ്ഞു.

മാര്‍ച്ച് ഒന്‍പതിന് നടന്ന മന്ത്രിസഭായോഗത്തില്‍ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച നിര്‍ദേശം വന്നിരുന്നു. മുഖ്യമന്ത്രി തന്നെയായിരുന്നു നിര്‍ദേശം മുന്നോട്ട് വെച്ചത്. കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി നിര്‍ദേശം വെച്ചത്. അടുത്തമന്ത്രിസഭാ യോഗത്തിന് മുന്‍പ് നിലപാട് വ്യക്തമാക്കാന്‍ ഘടകകക്ഷികളോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കെഎസ്ആര്‍ടിസിയുടെ നവീകരണത്തിനായി ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ 3,300 കോടി കടമെടുക്കുന്നുണ്ട്. ഇതിന് ബാങ്കുകള്‍ വെച്ച നിര്‍ദേശങ്ങളിലൊന്നാണ് പെന്‍ഷന്‍ പ്രായം 60 ആക്കുക എന്നത്. കെഎസ്ആര്‍ടിസിയുടെ നവീകരണത്തെ കുറിച്ച് പഠിച്ച സുശീല്‍ ഖന്ന സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇത്തരമൊരു നിര്‍ദേശം മന്ത്രിസഭാ യോഗത്തില്‍ വെച്ചത്.