മുതുകൊടിഞ്ഞ കെ എസ് ആർ ടി സി ക്ക് ഒരടി കൂടെ; വാടക തുക നൽകാത്തതിനാൽ ഇലക്ട്രിക് ബസുകളുടെ സർവീസ് നിര്‍ത്തി

സ്വതവേ മുതുകൊടിഞ്ഞു കിടക്കുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് ഒരു തിരിച്ചടി കൂടെ ഉണ്ടായിരിക്കുകയാണ്. അവരുടെ ഇലക്ട്രിക് ബസുകള്‍ പൊടുന്നനെ സര്‍വീസ് നിര്‍ത്തുന്നു. കെ.എസ്.ആര്‍.ടി.സി കരാര്‍ കമ്പനിക്ക് വാടകത്തുക നല്‍കാത്തത് കാരണമാണ് സര്‍വീസ് നിര്‍ത്തുന്നത്. നികുതി അടയ്‌ക്കേണ്ട സമയമായ മാര്‍ച്ച് 15 കഴിഞ്ഞും വാടക കിട്ടാത്തതിനാല്‍ ഇപ്പോഴുള്ള പത്തുബസുകളും സര്‍വീസിന് നല്‍കാനാകില്ലെന്ന് കരാര്‍ കമ്പനി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എം.ഡിക്ക് കത്ത് നല്‍കിയിരുന്നു.

പത്തില്‍ അഞ്ചു ബസുകളുടെ 75 ശതമാനം വാടക നല്‍കിയിരുന്നെങ്കിലും അതിലും 25 ശതമാനം കുടിശ്ശികയാണ്. ബാക്കി അഞ്ചു ബസുകളുടെ വാടകയായി ഒരുപൈസ പോലും കഴിഞ്ഞ മൂന്നു മാസമായി നല്‍കിയിട്ടില്ല.നികുതി അടയ്ക്കാന്‍പോലും പണമില്ലെന്നും അതിനാല്‍ ഇനിമുതല്‍ സര്‍വീസിന് ബസ് നല്‍കാന്‍ ആകില്ലെന്നുമാണ് മുംബൈ ആസ്ഥാനമായ കരാര്‍ കമ്പനി അറിയിച്ചിരിക്കുന്നത്.ഇതോടെ നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സി യ്ക്ക് പുതിയൊരു നഷ്ടം കൂടെ വന്നിരിക്കുകയാണ്.

അല്ലെങ്കില്‍ത്തന്നെ യാത്രാക്ലേശം കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. ഇപ്പോള്‍ ഓടുന്ന മിക്ക ബസുകളിലും തിങ്ങിനിറഞ്ഞാണ് യാത്രക്കാര്‍ പോകുന്നത്. നില്‍ക്കാന്‍ പോലും സ്ഥലമില്ലാതെ തൂങ്ങിക്കിടന്നു പോകുന്ന യാത്രക്കാര്‍. വലിയ കൊട്ടിഘോഷത്തോടെയാണ് ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കിയത്.
എന്തൊക്കെയായിരുന്നു പ്രഖ്യാപനങ്ങള്‍, വാചകമടികള്‍, മന്ത്രിയുടെ ഫ്ലാഗ് ഓഫ്…ഇപ്പോള്‍ ഇതെല്ലാം എവിടെപ്പോയി. എങ്ങനേലും കര കേറാന്‍ ശ്രമിക്കാതെ, കിട്ടുന്ന വഴികള്‍ പോലും കൊട്ടിയടയ്ക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ ഇടയ്ക്കിടെ മുടങ്ങുകയും ശമ്പളം വൈകുകയും ചെയ്യുമ്പോള്‍ മുറവിളി ഉയരാറുണ്ടല്ലോ. വണ്ടികള്‍ ഓടിയാലല്ലേ ഇതെല്ലാം കൊടുക്കാന്‍ പറ്റൂ. സ്വകാര്യ ബസ് ഉടമകളെ സഹായിക്കുന്ന സമീപനമാണ് കുറെക്കാലമായി ദീര്‍ഘദൂര റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സ്വീകരിക്കുന്നത്. ജീവനക്കാരാകട്ടെ ശമ്പളത്തിനുവേണ്ടി മുറവിളി കൂട്ടുന്നതല്ലാതെ ഇത്തരം കാര്യങ്ങളില്‍ കണ്ണടയ്ക്കുകയാണ്.