പാതിരാത്രിയില്‍ പെണ്‍കുട്ടിയെ ബസ് സ്റ്റോപ്പില്‍ ഇറക്കാതെ കെ.എസ്.ആര്‍.ടി.സി. യുടെ ക്രൂരത: പോലീസ് പറഞ്ഞിട്ടും നിര്‍ത്താതെ പാഞ്ഞ് മിന്നല്‍

കോഴിക്കോട് : അര്‍ദ്ധരാത്രി ഒറ്റക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയോട് കെ.എസ്.ആര്‍.റ്റി.സി യുടെ ക്രൂരത. പാലയില്‍ നിന്ന് പയ്യോളിക്ക് കെ.എസ്.ആര്‍.റ്റി.സി. മിന്നല്‍ ബസ്സില്‍ യാത്ര ചെയ്ത പെണ്‍കുട്ടിക്കാണ് ജീവനക്കാരുടെ മാനസിക പീഡനം ഏല്‍ക്കേണ്ടിവന്നത്. പാലായില്‍ നിന്ന് കോഴിക്കോടിന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത പെണ്‍കുട്ടി കോഴിക്കോട് എത്തിയപ്പോള്‍ ആണ് ബസ്സ് കാസര്‍കോടിന് പോകുന്നുണ്ടെന്ന് വ്യക്തമായത്. തനിക്കിറങ്ങേണ്ട സ്റ്റോപ് ഈ പോകുന്ന വഴിയില്‍ ആയതിനാല്‍ കണ്ടക്ടറോട് വിവരം പറഞ്ഞു.

കണ്ണൂര്‍ വരെയുള്ള ടിക്കറ്റ് എടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെട്ട പ്രകാരം വിദ്യാര്‍ത്ഥിനി 111 രൂപയുടെ ടിക്കറ്റ് എടുത്തു. എന്നാല്‍ സ്റ്റോപ് എത്തിയപ്പോള്‍ ഇവിടെ ഇറക്കുവാന്‍ സാധിക്കില്ലെന്നും കണ്ണൂരില്‍ മാത്രമേ നിര്‍ത്തുകയുളളു എന്നും കണ്ടക്ടര്‍ പറഞ്ഞു. പെണ്‍കുട്ടി കരഞ്ഞ് പറഞ്ഞിട്ടുപോലും വാഹനം നിര്‍ത്തുവാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതിനിടെ വിദ്യാര്‍ത്ഥിനിയെ വഴിയില്‍ കാത്തു നിന്ന പിതാവ് പോലീസില്‍ വിവരമറിയിച്ചു. പോലീസ് രണ്ടിടങ്ങളില്‍ കൈകാണിച്ചെങ്കിലും വാഹനം നിര്‍ത്തുവാന്‍ കെ.എസ്.ആര്‍.റ്റി.സി. ഡ്രൈവര്‍ തയ്യാറായില്ല.

തുടര്‍ന്ന് ജീപ്പില്‍ പിന്‍തുടര്‍ന്ന് 30 കിലോമീറ്ററിന് ശേഷം പോലീസ് വാഹനം കുറുകെയിട്ടാണ് കുട്ടിയെ ബസ്സില്‍ നിന്ന് ഇറക്കിയത്. ഇതിനിടെ പരിഭ്രാന്തയായ പെണ്‍കുട്ടി തളര്‍ന്നുവീണിരുന്നു. പാതിരാത്രിയില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്നിടത്ത് ബസ്സ് നിര്‍ത്തിക്കൊടുക്കണമെന്ന് നിയമം ഉള്ളപ്പോഴാണ് കെ.എസ്.ആര്‍.റ്റി.സി. ജീവനക്കാര്‍ പതിനേഴ് വയസ്സുള്ള പെണ്‍കുട്ടിയോട് പാതിരാത്രിയില്‍ പരാക്രമം കാട്ടിയത്. ജീവനക്കാര്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയുട്ടുണ്ട്.