കെ.എസ്.ആർ.ടി.സി റിലേ സർവ്വീസുകളുടെ ഉദ്ഘാടനം ജൂൺ 26

തിരുവനന്തപുരം: കോവിഡ്-19 നിബന്ധനകൾ പാലിച്ചു കൊണ്ട് ദീർലദൂര യാത്രക്കാരുടെ ആവശ്യാർത്ഥം തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂർ വരെ കെ.എസ്.ആർ.ടി.സി “റിലേ സർവ്വീസുകൾ” ആരംഭിക്കുന്നു. അന്തർ ജില്ലാ യാത്രികരിൽ നിന്നും നിരന്തരമായി ലഭിച്ച പരാതികളാണ് ഇത്തരം ഒരു സർവ്വീസിനെക്കുറിച്ച് ആലോചിക്കാൻ കെ.എസ്.ആർ.ടി.സി-യെ പ്രേരിപ്പിച്ചത്.
ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്ത് നിന്ന് കൊല്ലം, കൊല്ലത്ത് നിന്ന് ആലപ്പുഴ, ആലപ്പുഴ നിന്ന് എറണാകുളം, എറണാകുളത്തുനിന്ന് തൃശ്ശൂരിലേക്കും ഇതേ ക്രമത്തിൽ തിരിച്ചുമാണ് സർവ്വീസ് നടത്തുന്നത്. രാത്രി 9 മണിയോടു കൂടി സർവീസ് അവസാനിപ്പിക്കണം എന്ന നിബന്ധന ഉള്ളതിനാൽ ഉച്ചവരെയുള്ള സർവ്വീസുകൾ തൃശ്ശൂർ വരെയും തുടർന്നുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽ അവസാനിപ്പിക്കുന്ന വിധത്തിലായിരിക്കും ക്രമീകരണം ഏർപ്പെടുത്തുക.
കൃത്യമായ ഇടവേളകളിൽ ബസുകൾ പൂർണ്ണമായി അണുവിമുക്തമാക്കി കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ബസ് സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് താമസംവിനാ കണക്ടിവിറ്റി കിട്ടുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

റിലേ സർവ്വീസുകളുടെ ഉദ്ഘാടനം നാളെ 26.06.2020 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ച് ബഹുഗതാഗത വകുപ്പ് മന്ത്രി ശ്രീ.എ.കെ ശശീന്ദ്രൻ അവർകൾ നിർവ്വഹിക്കുന്നു. ബഹു: കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ്, ബഹു: തിരുവനന്തപുരം എംഎൽഎ ശ്രീ. വി. എസ്. ശിവകുമാർ, കോർപ്പറേഷൻ വാർഡ് കൗൺസിലർഎം.വി. ജയലക്ഷ്മി, മറ്റ് കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥർ, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നു.