തിരുവനന്തപുരത്തുനിന്ന് തൃശൂർവരെ കെഎസ്ആർടിസി “റിലേ സർവീസുകൾ’ ആരംഭിച്ചു

തിരുവനന്തപുരം: ദീർഘദൂര യാത്രക്കാരുടെ ആവശ്യാർഥം തിരുവനന്തപുരത്തുനിന്ന് തൃശൂർവരെ കെഎസ്ആർടിസി “റിലേ സർവീസുകൾ’ ആരംഭിച്ചു. ആദ്യ സർവീസ്‌ മന്ത്രി എ കെ ശശീന്ദ്രൻ ഫ്‌ളാഗ്‌ഓഫ്‌ ചെയ്‌തു.
ബസുകൾ അണുവിമുക്തമാക്കി സുരക്ഷിതമായാണ്‌ ഓടുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

ഓരോ മണിക്കൂർ ഇടവിട്ട് തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്കും തിരിച്ചുമാണ് സർവീസ്. തിരുവനന്തപുരം–- തൃശൂർ ബസ്‌ രാവിലെ അഞ്ചിന്‌ സർവീസ്‌ തുടങ്ങും. പകൽ രണ്ടിനാണ്‌ അവസാന സർവീസ്‌. തൃശൂർ–- തിരുവനന്തപുരം ബസ്‌ രാവിലെ 4.40 ന്‌ ആണ്‌ ആദ്യ സർവീസ്‌. പകൽ 2.40ന്‌ അവസാന സർവീസ്‌ പുറപ്പെടും.

കൊല്ലം, ആലപ്പുഴ, എറണാകുളം ബസ് സ്റ്റേഷനുകളിൽനിന്ന് യാത്രക്കാർക്ക് മാറിക്കയറി യാത്ര തുടരുന്ന വിധത്തിലാണ് ക്രമീകരണം. തിരുവനന്തപുരത്തുനിന്നുള്ള ബസ്‌ കൊല്ലത്ത്‌ എത്തുമ്പോൾ ആലപ്പുഴയിലേക്ക്‌ മറ്റൊരു ബസ്‌ തയ്യാറായിരിക്കും. സീറ്റ്‌ ഉറപ്പായിരിക്കും. ഇപ്രകാരം മറ്റ്‌ ബസ് സ്റ്റേഷനുകളിൽനിന്നും ബസുകൾ ഉണ്ടാകും.

രാത്രി ഒമ്പതോടെ സർവീസ് അവസാനിപ്പിക്കണം എന്നതിനാൽ ഉച്ച കഴിഞ്ഞുള്ള ട്രിപ്പുകൾ എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിൽവരെ ആയിരിക്കും. ഫോൺ: 8129562972, – 9447071021,- 0471 -2463799.