രണ്ടാം ഭര്‍ത്താവിനേയും സുഹൃത്തിന്റെ ഭാര്യയേയും ജോളി കൊല്ലാൻ ശ്രമിച്ചു; വ്യാജ ഒസ്യത്ത് ചമച്ചെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് കാണാനില്ല

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി, രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും ജോളിയുടെ സുഹൃത്ത് ജോൺസന്റെ ഭാര്യയേയും വധിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ്.

ജോണ്‍സനെ വിവാഹം ചെയ്യാനാണ് ഷാജുവിനേയും ജോൺസന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ജോളി ശ്രമിച്ചത്. അധ്യാപകനായ ഷാജുവിനെ കൊലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിതനിയമനവും ജോളി ലക്ഷ്യം വെച്ചിരുന്നു.

അതേസമയം, ജോളിക്ക് എതിരായ വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല. വ്യജരേഖകള്‍ ചമച്ചാണ് ഒസ്യത്ത് ചമച്ചതെന്ന കൂടത്തായി വില്ലേജ് ഓഫീസര്‍ ഓമശ്ശേരി പഞ്ചായത്തിന് നല്‍കിയ റിപ്പോര്‍ട്ടാണ് കാണാതായത്.

ജോളിയുടെ ഭര്‍തൃപിതാവ് ടോം തോമസിന്റെ പേരിലുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം ജോളി സ്വന്തമാക്കിയത് വ്യജ ഒസ്യത്തിലൂടെയാണെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനതത്തില്‍ ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കുകയായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടാണ് പഞ്ചായത്തില്‍ കാണാതായത്.

ആദ്യഭര്‍ത്താവ് റോയി തോമസ് മരിച്ചതിന്റെ രണ്ടാംദിവസം ഒരു പുരുഷസുഹൃത്തിനൊപ്പം ജോളി കോയമ്പത്തൂരിലെത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജോണ്‍സണ്‍ ആണെന്നാണ് സൂചന. ഐ ഐ എമ്മില്‍ എന്തോ ക്ലാസുണ്ടെന്ന് പറഞ്ഞായിരുന്നു ജോളി വീട്ടില്‍നിന്ന് ഇറങ്ങിയത്.

ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട് പറയുകയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

ആദ്യഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ ശേഷം ജോളി ആദ്യം വിളിച്ചത് നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള മാത്യുവിനെയാണെന്നും പോലീസ് പറഞ്ഞു. റോയിയുടെ ഫോണില്‍നിന്നു തന്നെയാണ് മാത്യുവിനെ വിളിച്ചത്.