വിവാഹക്കാര്യം ആദ്യം മുന്നോട്ടുവെച്ചത് ജോളിയെന്ന് ഷാജു; അന്നമ്മയെ മുമ്പും കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ജോളിയുടെ മൊഴി

തിരുവനന്തപുരം: കൂടത്തായി കൊലപാതകപരമ്പരയില്‍ വിവാഹക്കാര്യം ആദ്യം മുന്നോട്ടു വെച്ചത് ജോളിയാണെന്നും താന്‍ തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ലെന്നും ജോളിയുടെ ഭര്‍ത്താവ് ഷാജു പറഞ്ഞു. ഷാജുവിന്റെ ആദ്യ ഭാര്യ സിലി മരിച്ച് രണ്ടു മാസത്തിനുള്ളിലാണ് ജോളി താനുമായി വിവാഹം കഴിക്കാനുള്ള ആവശ്യം മുന്നോട്ടു വെയ്ച്ചതെന്ന് ഷാജു വ്യക്തമാക്കി.

താന്‍ തെറ്റു ചെയ്‌തെന്ന് വിശ്വസിക്കുന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാജു വ്യക്തമാക്കി.

സിലിയുടെ മരണത്തിനു മുന്‍പും ജോളി തന്നോട് താത്പര്യം പ്രകടിപ്പിച്ചരുന്നു, അതില്‍ താന്‍ അസ്വസ്ഥനായിരുന്നു. ജോളിയെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് താൻ ചിന്തിച്ചിട്ടു പോലുമില്ല. എന്നാല്‍ ഷാജുവിന്റെയും സിലിയുടെയും മകന്‍ അമ്മയില്ലാത്ത സങ്കടം തങ്ങള്‍ വിവാഹം കഴിച്ചാല്‍ മാറുമെന്നായിരുന്നു ജോളി പറഞ്ഞത് എന്ന് ഷാജി വ്യക്തമാക്കി.

ജോളി കൊലപ്പെടുത്തിയ അന്നമ്മയെ മുമ്പും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയാണ് അന്നമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

ആദ്യ ശ്രമത്തില്‍ അന്നമ്മയ്ക്ക് കാലുകള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും ചര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അന്ന് ഭക്ഷ്യ വിഷബാധയായിരിക്കാം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ജോളി അന്നമ്മയെ കൊലപ്പെടുത്താന്‍ ചെയ്ത ശ്രമമാണിതെന്നാണ് പൊലീസിനു നല്‍കിയ മൊഴി.

ഭക്ഷണത്തില്‍ കലര്‍ത്തിയ വിഷം കുറഞ്ഞ അളവിലായിരുന്നതുകൊണ്ട് അന്നമ്മ അന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ രണ്ടാമത് ആട്ടിന്‍ സൂപ്പില്‍ വിഷം കലര്‍ത്തി അന്നമ്മയെ കൊല്ലുകയായിരുന്നുവെന്നും ജോളി അന്വേഷണസംഘത്തോട് പറഞ്ഞു.