ജോളിയുമായി പോലീസിന്റെ തെളിവെടുപ്പ്: സിലിയുടെ കൊലപാതകത്തില്‍ പുതിയ കേസെടുത്തു; ജോളിയുടെ കുറ്റസ്സമ്മതം

കോഴിക്കോട്: കൂടത്തായി സംഭവത്തില്‍ കുറ്റം സമ്മതിച്ച് ജോളി. രണ്ടുപേരെക്കൂടി കൊല്ലാന്‍ ശ്രമിച്ചിരുന്നെന്നും ജോളി പൊലീസിനോട് ചോദ്യംചെയ്യലില്‍ പറഞ്ഞു. കൊലപാതക പരമ്പരയില്‍ ആറു മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്.

2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകമായി ഇന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

അഞ്ചു കൊലകള്‍ നടത്തിയ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചായിരുന്നെന്നും എന്നാല്‍ അന്നമ്മയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് മറ്റൊരു വിഷമാണെന്നും ജോളി പറഞ്ഞു. ചോദ്യം ചെയ്യലില്‍ ജോളി പൊട്ടിക്കരഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്നാണ് ജോളി അടക്കമുള്ള പ്രതികളെ നാളെ തെളിവെടുപ്പിനു കൊണ്ടുപോകുന്നതായി പൊലീസ് നേരത്തേ വ്യക്തമാക്കിയത്. ജോളി ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നുണ്ടെന്നും എസ്.പി കെ.ജി സൈമണ്‍ പറഞ്ഞിരുന്നു.

താനാണ് ആറ് കൊലപാതങ്ങളും നടത്തിയതെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ജോളി ആവര്‍ത്തിച്ചിരുന്നു. അതേ സമയം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതകത്തില്‍ ജോളിയെ കൂടാതെ മാത്യുവിനേയും പ്രതിചേര്‍ത്താണ് താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. അന്നമയെ കൊലപ്പെടുത്തിയ കേസില്‍ ജോളി മാത്രമാണ് പ്രതി. ബാക്കി അഞ്ച് കേസുകളിലും ജോളിയും മാത്യുവും പ്രതികളാണ്‌.

ഇതിനിടെ തെളിവെടുപ്പിനായി ജോളിയെ വടകര പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തിറക്കി. എസ്.പി.ഓഫീസിലേക്കാണ് ജോളിയെ ആദ്യം എത്തിച്ചത്. പത്ത് മിനിറ്റ് ഇവിടെ തങ്ങിയതിന് ശേഷം കൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

ഇവിടെയാണ് മൂന്ന് ആദ്യ മൂന്ന് മരണങ്ങള്‍ നടന്നത്‌ രണ്ടാമത്തെ തെളിവെടുപ്പിനായി നാലാമത്തെ മരണം നടന്ന മാത്യുവിന്റെ വീട്ടിലെത്തിക്കും. മൂന്നാമത്തെ തെളിവെടുപ്പിനായി ആല്‍ഫൈന്റെ മരണം നടന്ന ഷാജുവിന്റെ വീട്ടിലെത്തിക്കും. നാലാമത്തെ തെളിവെടുപ്പിനായി സിലിയുടെ മരണം നടന്ന ദന്തല്‍ ക്ലിനിക്കിലും എത്തിക്കും.