സയനൈഡ് നല്‍കിയത് പെരുച്ചാഴിയെ കൊല്ലാനെന്ന് പ്രജികുമാര്‍;ജോളിയും പ്രജിയും മാത്യുവും ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: പെരുച്ചാഴിയെ കൊല്ലാനാണ് സയനൈഡ് നല്‍കിയതെന്ന് കൂടത്തായ് കൊലപാതക കേസില്‍ അറസ്റ്റിലായ പ്രജികുമാര്‍. കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ കേസിലെ പ്രതിയായ പ്രജികുമാര്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ പങ്കില്ലെന്നുമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.

പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്റെ കൈയില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന് പ്രജികുമാര്‍ പറയുന്നു.

എന്നാൽ ഇയ്യാൾ ഒട്ടേറെപ്പേര്‍ക്ക് സയനൈഡ് നല്‍കിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീര്‍ഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാര്‍ കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് ഒരുമണിക്കൂറോളം മാത്യുവുമായി സംസാരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ജോളിയുടെ ഗൂഢാലോചനയെപ്പറ്റി അറിയില്ലെന്നും മറിച്ച് പെരുച്ചാഴിയെ കൊല്ലുന്നതിന് വേണ്ടിയാണ് സയനൈഡ് മാത്യുവിന് നല്‍കിയതെന്നും പ്രജികുമാര്‍ പറയുന്നു. കേസില്‍ സയനൈഡ് കൈപ്പറ്റി അത് ജോളിക്ക് നല്‍കിയ എം.എസ്. മാത്യുവും അറസ്റ്റിലാണ്.

മൂന്ന് പ്രതികളേയും താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയിലേക്കെത്തിച്ചു. ആറ് ദിവസത്തെ കസ്റ്റഡിയിലാണ് വിട്ടത്. പ്രജികുമാര്‍, മാത്യു എന്നിവരേയും 16 ാം തിയതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. താമരശേരി കോടതിയുടേതാണ് ഉത്തരവ്. ജയിലില്‍ നിന്ന് പുറത്തിറക്കി വൈദ്യപരിശോധന നടത്തിയാണ്‌ എം.എസ്.മാത്യുവിനെ കോടതിയിലെത്തിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു വൈദ്യപരിശോധന. മറ്റു പ്രതികളായ ജോളി ജോസഫിനേയും പ്രജി കുമാറിനേയും വൈദ്യപരിശോധന നടത്തിയില്ല.

ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. ജയിലിലില്‍ നിന്ന് ആദ്യം പുറത്തിറക്കിയ പ്രജികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ജോളിയും മാത്യവും ഒന്നും മിണ്ടിയില്ല. പ്രതികള്‍ക്കായി കനത്ത സുരക്ഷാ വലയം പോലീസ് തീര്‍ത്തിരുന്നു.