കൊല്ലത്ത് 14 കാരനെ അമ്മ കൊലപ്പെടുത്തിയ കേസ്: അച്ഛനെയും സഹോദരിയെയും ചോദ്യം ചെയ്തു

ചാത്തന്നൂര്‍: കൊല്ലത്ത് 14 കാരനെ അമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതി ജയയുടെ ഭര്‍ത്താവിനെയും മകളെയും പോലീസ് ചോദ്യം ചെയ്തു. ഏതാനും നാളുകളായി ജയമോള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഇരുവരും പോലീസിന് മൊഴി നല്‍കി. ടെലിഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ തേടി പോലീസ് ബിഎസ്എന്‍എല്‍ അധികൃതര്‍ക്ക് കത്ത് നല്‍കി.

ജിത്തുവിന്റെ മരണത്തിന് പിന്നാലെ അച്ഛനില്‍ നിന്ന് പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നെങ്കിലും വിശദമായ മൊഴി രേഖപ്പടുത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം ജിത്തുവിന്റെ അച്ഛന്‍ ജോബിനെയും സഹോദരി ടീനയെയും ചോദ്യം ചെയ്തത്. ജിത്തുവും അമ്മയുമായി ഇടയ്ക്കിടെ വഴക്കുണ്ടായിരുന്നുവെന്ന് ഇരുവുരം മൊഴി നല്‍കി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ജയ ചിലപ്പോഴൊക്കെ തന്നെയും ഉപദ്രവിച്ചിട്ടുണ്ടെന്നും ജോബ് പറഞ്ഞു.

മറ്റാര്‍ക്കെങ്കിലും കൊലപതാകത്തില്‍ പങ്കുള്ളതിന്റെ ഒരു സൂചനയും പൊലീസിന് ഇതുവരെയും കിട്ടിയിട്ടില്ല. ജയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഈ സഹചര്യത്തില്‍ വീട്ടിലെ ലാന്‍ഡ് ലൈന്‍ നമ്പറിലെ കോളുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്‍ അധികൃതരോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജയയെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ നാളെ പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.

റിമാന്‍ഡിലാകും മുമ്പ് ജയയുടെ മാനസിക നില സംബന്ധിച്ച് പ്രഥാമിക പരിശോധന നടത്തിയിരുന്നു. വിശദ പരിശോധന നടത്തണമെന്ന ഡോക്ടറുടെ നിര്‍ദേശ പ്രകാരം കസ്റ്റഡിയില്‍ വാങ്ങിയ ശേഷം മെഡിക്കല്‍ പരിശോധന നടത്തും. എന്നാല്‍ നാര്‍ക്കോ അനാലിസിസ് അടക്കമുള്ള പരിശോധനകള്‍ നടത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.