കര്‍ണാടക ഗവര്‍ണര്‍ നടത്തിയത് ജനാധിപത്യ കശാപ്പാണെന്ന് കോടിയേരി

കണ്ണൂര്‍: കര്‍ണാടക ഗവര്‍ണര്‍ നടത്തിയത് ജനാധിപത്യ കശാപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിലൂടെയാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്. ഗവര്‍ണര്‍ ആര്‍എസ്എസുകാരനെപോലെയാണ് പെരുമാറുന്നതെന്നും ആര്‍എസ്എസുക്കാരന്റെ ശൈലി തന്നെ കശാപ്പാണെന്നും കോടിയേരി പറഞ്ഞു.

നിയമസഭയില്‍ ഭൂരിപക്ഷമുള്ള വിഭാഗത്തെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുകയാണ് കീഴ്‌വഴക്കം. അതിന് വിരുദ്ധമാണ് കര്‍ണാടകയില്‍ ചെയ്തത്. ഗോവയിലും മണിപ്പൂരിലും മേഘാലയയിലും കോണ്‍ഗ്രസ് ആയിരുന്നു വലിയ ഒറ്റകക്ഷി എന്നാല്‍ കോണ്‍ഗ്രസിനെയല്ല. മറിച്ച് ബിജെപിയെയാണ് അവിടങ്ങളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍മാര്‍ ക്ഷണിച്ചത്.

മേഘാലയില്‍ 2 സീറ്റ് മാത്രമാണ് ബിജെപിക്കുള്ളത്.എന്നിട്ടും അവരവിടെ സര്‍ക്കാരുണ്ടാക്കിയത് തെരഞ്ഞെടുപ്പിന് ശേഷം മറ്റ് കക്ഷികളെ കൂട്ടി വലിയ മുന്നണിയുണ്ടാക്കിയാണ്. അങ്ങനെയെങ്കില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന മുന്നണിക്കാണ് കൂടുതല്‍ എംഎല്‍എമാരുള്ളത്. ഇരുവരും ചേരുമ്പോള്‍ 115 എംഎല്‍എമാരുണ്ട്. ബിജെപിക്ക് 104 പേരെയുള്ളൂ. എന്നിട്ടും ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചു. ഭൂരിപക്ഷം നിങ്ങള്‍ കുതിരകച്ചവടം നടത്തി ഉണ്ടാക്കികൊള്ളൂ എന്ന സന്ദേശമാണ് ഗവര്‍ണര്‍ ഇതിലുടെ നല്‍കുന്നത്.അത്യന്തം ജനാധിപത്യ വിരുദ്ധമായ ഈ നടപടിക്കെതിരെ ബഹുജനരോക്ഷം ഉയര്‍ന്നുവരണമെന്നും കോടിയേരി പറഞ്ഞു.