കൊച്ചി മെട്രോ: തൈക്കൂടം വരെയുള്ള പുതിയ പാത മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ മഹാരാജാസ് മുതൽ തൈക്കൂടം വരെയുള്ള പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 5.65 കിലോമീറ്ററില്‍ അഞ്ച്‌ സ്റ്റേഷനുകളിലേക്ക് കൂടിയാണ് മെട്രോ ഇനി കുതിച്ചെത്തുന്നത്. പാലാരിവട്ടവും മഹാരാജാസ് കോളേജും പിന്നിട്ടുള്ള ഈ യാത്രയെ സ്വപ്നസമാനമെന്നുതന്നെ വിശേഷിപ്പിക്കാം.

മഹാരാജാസ് ​മെട്രോ സ്റ്റേഷൻ ​ഗ്രൗണ്ടിൽ വച്ച് നാട മുറിച്ചാണ് മുഖ്യമന്ത്രി കൊച്ചി മെട്രോയുടെ പുതിയ പാത ജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഹൈബി ഈഡൻ എംപി, കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹർദീപ് സിം​ഗ് പുരി, മന്ത്രിമാരായ എംഎം മണി, എ കെ ശശീന്ദ്രന്‍, പിടി തോമസ് എംല്‍എ, മുന്‍ എം പി കെവി തോമസ്, കൊച്ചി മേയർ കെ സൗമിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മഹാരാജാസ് ​സ്റ്റേഷനിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രി, പ്രധാന പരിപാടികൾ നടക്കുന്ന കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തും. ഇവിടെ വച്ചാണ് പുതിയ പാതയുടെയും വാട്ടർ മെട്രോ ആദ്യ ടെർമിനലിന്റെയും പേട്ട എസ് എൻ ജംഗ്ഷന്‍റെയും നിർമ്മാണ ഉദ്ഘാടനം നടന്നത്.

25 കിലോമീറ്ററെന്ന ആദ്യഘട്ട ലക്ഷ്യത്തിലേക്ക് ഇനി ഒരു സ്റ്റേഷന്റെ ദൂരം മാത്രമാണ് ബാക്കിയുള്ളത്. കൃത്യമായി പറഞ്ഞാല്‍, ഏകദേശം ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരം. അടുത്തവര്‍ഷം ഫെബ്രുവരിയോടെ പേട്ടയിലേക്കും യാത്രാസര്‍വീസ് തുടങ്ങാനാകുമെന്ന് കൊച്ചി മെട്രോ അധികൃതര്‍ പറയുന്നു.

കൊച്ചിയുടെ നിരത്തിലൂടെ മെട്രോ യാത്രതുടങ്ങും’ എന്ന ‘മെട്രോമാന്‍’ ഇ. ശ്രീധരന്റെ വാക്കുകളുടെ ഉറപ്പില്‍, 2013 ജൂണ്‍ ഏഴിനാണ് മെട്രോയുടെ നിര്‍മാണം തുടങ്ങിയത്. നാലുവര്‍ഷത്തിന്റെ ഇടവേളയില്‍ 2017 ജൂണ്‍ 17-ന് ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്ക് മെട്രോ സര്‍വീസ് തുടങ്ങി. 13.2 കിലോമീറ്റര്‍ ദൂരം. അതേവര്‍ഷം ഒക്ടോബര്‍ മൂന്നിന് അഞ്ച്‌ കിലോമീറ്റര്‍ കൂടി പിന്നിട്ട് മഹാരാജാസ് കോളേജിലേക്കെത്തി. അഞ്ച്‌ കിലോമീറ്ററിന്റെ പുതിയ ദൂരം കൂടിയാകുമ്പോള്‍ മെട്രോയുടെ നീളം 23.65 കിലോമീറ്ററാകും, സ്റ്റേഷനുകള്‍ 21.അതേസമയം, നാളെ മുതൽ മാത്രമേ ഈ റൂട്ട് വഴി മെട്രോ സർവീസുകൾ നടത്തുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കുന്നതിനായി വിവിധ ആനൂകൂല്യങ്ങളും മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്.