ജഡ്ജിമാര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഉയന്‍ പരിഹരിക്കും

ദില്ലി: സുപ്രീംകോടതി ജഡ്ജിമാര്‍ക്കിടയിലെ പിളര്‍പ്പ് പരിഹരിക്കാനുള്ള നീക്കങ്ങള്‍ തുടരുന്നു. പ്രശ്നങ്ങള്‍ ഉടന്‍ തീരുമെന്നാണ് പ്രതീക്ഷയെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. രാജ്യംകണ്ട ഏറ്റവും പ്രതിസന്ധിയിലൂടെയാണ് പരമോന്നത നീതിപീഠം കടന്നുപോകുന്നത്. മഞ്ഞുരുക്കാനുള്ള നീക്കങ്ങള്‍ സജീവമാണെങ്കിലും ഇപ്പോഴും ജഡ്ജിമാര്‍ രണ്ട് തട്ടില്‍ തന്നെയാണ്. കൂടുതല്‍ പ്രകോപനങ്ങളിലേക്ക് കാര്യങ്ങള്‍ പോകാതെ പ്രശ്നം തീര്‍ക്കണമെന്ന അഭിഭാപ്രയമാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകര്‍ മുന്നോട്ടുവെക്കുന്ന അഭ്യര്‍ത്ഥന.

എന്നാല്‍ ചീഫ് ജസ്റ്റിസ് തീരുമാനം വ്യക്തമാക്കട്ടേ എന്നാണ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഉള്‍പ്പടെ പ്രതിഷേധം ഉയര്‍ത്തിയ നാല് ജഡ്ജിമാരുടെയും നിലപാട്. സഹ ജഡ്ജിമാരുമായും മുതിര്‍ന്ന അഭിഭാഷകരുമായും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രശ്നത്തില്‍ ചര്‍ച്ചകള്‍ നടത്തിവരുന്നുവെന്നാണ് സൂചന. രാവിലെ പ്രശ്നപരിഹാര ചര്‍ച്ചകള്‍ക്കായി എത്തിയ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയെ ചീഫ് ജസ്റ്റിസ് തിരിച്ചയച്ചു. കോടതിയിലെ പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്ന ചര്‍ച്ചകള്‍ ഒഴിവാക്കാന്‍ വേണ്ടിയാകാം ചീഫ് ജസ്റ്റിസ് ഈ തീരുമാനം എടുത്തതെന്നാണ് സൂചന.

പ്രതിഷേധിച്ച നാല് ജഡ്ജിമാരില്‍ ജസ്റ്റിസ് ജെ. ചെലമേശ്വര്‍ മാത്രമാണ് ഇന്ന് ദില്ലിയിലുള്ളത്. സുപ്രീംകോടതിയിലെ എല്ലാ ജഡ്ജിമാരും ഒന്നിച്ചിരുന്ന് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. അതിന് ആര് മുന്‍കയ്യെടുക്കും എന്നതും വ്യക്തമല്ല. ജനങ്ങള്‍ക്കിടയില്‍ സംശയങ്ങള്‍ ബാക്കിവെച്ച് ജഡ്ജിമാര്‍ വാര്‍ത്ത സമ്മേളനം നടത്തിയത് ശരിയായില്ലെന്ന് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വികാസ് സിംഗ് പറഞ്ഞു. പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ബാര്‍ അസോസിയേഷന്‍റെ യോഗം വൈകീട്ട് ദില്ലിയില്‍ ചേരും. എല്ലാംശുഭമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പങ്കുവെച്ചത്.