കിരണ്‍ബേദി കേരളാ ഗവര്‍ണറാകും

ജസ്റ്റിസ് സദാശിവം മഹാരാഷ്ട്രയിലേക്ക്

ഡല്‍ഹി : ജസ്റ്റിസ് സദാശിവത്തെ മഹാരാഷ്ട്രയിലേക്ക് മാറ്റി പുതുശ്ശേരി ലഫ്.ഗവര്‍ണറും മുന്‍ ഐ.പി.എസ്. ഓഫീസറുമായ കിരണ്‍ ബേദി കേരളാഗവര്‍ണര്‍ ആകുമെന്ന് സൂചന.

റിപ്പബ്ലിക് ദിനത്തിനുമുന്‍പ് മാറ്റമുണ്ടാകുമെന്ന സൂചനയാണ് ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്നത്. ബി.ജെ.പി. കേരളാ ഘടകത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജസ്റ്റിസ് സദാശിവത്തെ സ്ഥലം മാറ്റുവാന്‍ കേന്ദ്രഗവണ്‍മെന്റ് തയ്യാറാകുന്നത്. സംസ്ഥാന ഗവണ്‍മെന്റിന്റെ മൗനാനുവാദത്തോടെ സിപിഐ(എം) പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് ബിജെപി നേതാക്കള്‍ നിരവധി തവണ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.

ബിജെപി യുടെ പരാതി സദാശിവം പരിഗണിച്ചില്ലെന്ന പരാതിയാണ് കേരളഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സദാശിവം രാഷ്ട്രീയകളികള്‍ക്ക് നില്‍ക്കില്ലെന്ന് ഉറപ്പായതോടെയാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തേക്ക് അദ്ദേഹത്തെ മാറ്റുന്നത് മുന്‍ ഐപിഎസ് ഓഫീസറായ കിരണ്‍ബേദിയുടെ നിയമനം ക്രമസമാധാന വിഷയങ്ങളില്‍ അടക്കം ഇടപെടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.

ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കിരണ്‍ബേദിയെ അവതരിപ്പിച്ചെങ്കിലും അവര്‍ പരാജയപ്പെടുകയായിരുന്നു. പിന്നീടാണ് പുതുശ്ശേരിയില്‍ ലഫ്. ഗവര്‍ണ്ണറായി നിയമനം ലഭിച്ചത്.