കിഫ്ബി ലക്ഷ്യം കണ്ടപ്പോള്‍ മിണ്ടാട്ടമില്ലെന്ന് പിണറായി

തിരുവനന്തപുരം: കിഫ്ബി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും ഉഡായിപ്പുമാണ് എന്നെല്ലാം പ്രതിപക്ഷ നേതാവ് പല വേദികളിലും പറഞ്ഞു. എന്നാലിപ്പോള്‍ കിഫ്ബി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല. പ്രഖ്യാപിത ലക്ഷ്യവും പിന്നിട്ട് 56,000 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിക്കഴിഞ്ഞത്. ഇതില്‍ 18,500 കോടിയുടെ പദ്ധതികള്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതില്‍ തന്നെ 16,000 കോടി രൂപയുടെ പദ്ധതികളുടെ നിര്‍മാണം ആരംഭിച്ചു. അംഗീകരിച്ച പദ്ധതികളില്‍ 5400 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി കഴിഞ്ഞു.

എല്ലാ നിയോജക മണ്ഡലങ്ങളിലും 5 കോടി രൂപ വീതം ചെലവഴിച്ച് ഓരോ സ്‌കൂളുകള്‍ രാജ്യാന്തര നിലവാരമുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രക്രിയ ഈ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ഈ മഹാമാരിയുടെ കാലത്ത് നമ്മുടെ വിദ്യാലയങ്ങളെ സജ്ജമാക്കാന്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി തലത്തിലെ 45000 ക്ലാസ്സ് റൂമുകളാണ് ഹൈടെക് ആക്കി മാറ്റിയത്. 11,000 എല്‍പി, യുപി സ്‌കൂളുകളും ആധുനികവല്‍ക്കരിച്ചു.

ഇരുപത്തഞ്ചോളം ആശുപത്രികളില്‍ 2200 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുന്നു. ഇതില്‍ പുനലൂര്‍ താലൂക്ക് ആശുപത്രി, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, എറണാകുളം ജനറല്‍ ആശുപത്രി എന്നിവയുടെ വികസനം ഈ വര്‍ഷം പൂര്‍ത്തിയാക്കും. നാളിതുവരെയുണ്ടാകാത്ത വിധം വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥലമെടുപ്പിന് 14000 കോടി രൂപ വകയിരുത്തി. ഇതില്‍ 977 കോടി രുപ ചിലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിന്റെ ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഭൂമിയുടെ വിലയായ 434 കോടി രൂപ ആദ്യ നിക്ഷേപ സംരംഭകരായ ബിപിസിഎല്‍ മുതല്‍മുടക്കിക്കഴിഞ്ഞു.

കൂടുതല്‍ പറയുന്നില്ല. മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണോ ഉഡായിപ്പാണോ ഇതെല്ലാമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. പ്രതിപക്ഷ നേതാവ് തിരുത്തിപ്പറയണമെന്നൊന്നും ഇവിടെ പറയുന്നില്ല. അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങളും കിഫ്ബിയുടെ ഗുണം അനുഭവിക്കുന്നുണ്ടല്ലൊ.

ഇനി വേറെ ചിലതു നോക്കാം.

ജൂണ്‍ 25ന് പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യങ്ങള്‍ ഇതായിരുന്നു: റീബില്‍ഡ് കേരളക്ക് കെപിഎംജിക്ക് കണ്‍സള്‍ട്ടന്‍സി നല്‍കിയതിന് പിന്നില്‍ അഴിമതി ‘സര്‍ക്കാര്‍ കമ്മീഷന്‍ തട്ടാന്‍ വേണ്ടി കരാര്‍ നല്‍കുന്നു’. അതേ പ്രതിപക്ഷ നേതാവ് മൂന്നുദിവസം കഴിഞ്ഞ് ജൂണ്‍ 28ന് പറഞ്ഞത് ഇങ്ങനെയാണ്:

‘കഴിഞ്ഞ ദിവസം ഞാന്‍ (പ്രതിപക്ഷ നേതാവ്) കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്ത കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുകയുണ്ടായി…. അന്ന് ഇത് തെറ്റാണെന്നും ശരിയായ നടപടി അല്ല എന്നും ഞാന്‍ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി വൈകുന്നേരത്തെ പത്രസമ്മേളനത്തില്‍ വളരെ വിശദമായി പറഞ്ഞു. ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ് കെപിഎംജിക്ക് കണ്‍സല്‍ട്ടന്‍സി കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു ടെണ്ടര്‍ ചെയ്‌തെന്ന്. ഞാന്‍ അന്വേഷിച്ചപ്പോള്‍ ശരിയാണ്. 28 പേര്‍ അപേക്ഷ കൊടുത്തു, അതില്‍ നിന്നും 5 പേരെ തെരഞ്ഞെടുത്തു. അവര്‍ ടെണ്ടര്‍ വിളിച്ചു. അങ്ങനെയാണ് കെപിഎംജി എന്ന കമ്പിനിക്ക് കണ്‍സല്‍ട്ടന്‍സി ഉറപ്പിച്ചത്’.

എന്താണ് ഇതിനര്‍ത്ഥം. ഒരു അന്വേഷണവും നടത്താതെ ഒരു ഉറപ്പുമില്ലാതെയാണ് ഉത്തരവാദിത്വപ്പെട്ട പ്രതിപക്ഷ നേതാവ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നല്ലേ? ഇനി മറ്റൊരു ഉദാഹരണമെടുക്കാം.

ഏപ്രില്‍ 15ന് അദ്ദേഹം പറഞ്ഞത് ‘ഇപ്പോള്‍ നമുക്ക് അറിയാന്‍ കഴിഞ്ഞത് റേഷന്‍ കാര്‍ഡ് ഉടമകളായ 87 ലക്ഷം പേരുടെ ഡാറ്റ ഇവര്‍ക്ക് ആള്‍റെഡി പോയിട്ടുണ്ട് എന്നുള്ളതാണ്. ചുരുക്കത്തില്‍ ആരോഗ്യ ഡാറ്റയും വ്യക്തിഗത വിവരങ്ങളും സ്പ്രിങ്ക്‌ളര്‍ എന്ന കമ്പനിക്ക് കച്ചവടം ചെയ്തു കൊടുത്തിരിക്കുകയാണ്’.

മെയ് 25ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് ഇതേ കാര്യത്തില്‍ പറഞ്ഞതു നോക്കുക.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം: 87 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളുടെ വിവരം ചോര്‍ത്തി നല്‍കി എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ?

ഉത്തരം: അത് ഉപയോഗിക്കുന്നില്ല എന്ന് ഗവണ്‍മെന്റ് പറഞ്ഞപ്പോള്‍ ഒകെ, ഞാന്‍ അത് അംഗീകരിക്കുന്നു.

ഇങ്ങനെയല്ലേ എല്ലാ കാര്യങ്ങളിലും സംഭവിക്കുന്നത്. ഒരു ഉറപ്പുവേണ്ടേ? ഇത് ഒരു സംസ്ഥാനത്തിന്റെയും മൂന്നരക്കോടി ജനങ്ങളുടെയും കാര്യമല്ലേ? അതില്‍ മിനിമം ഉത്തരവാദിത്വമെങ്കിലും കാണിക്കണമെന്നേ എനിക്ക് പ്രതിപക്ഷ നേതാവിനോടും അദ്ദേഹത്തെ ഉപദേശിക്കുന്നവരോടും അഭ്യര്‍ത്ഥിക്കാനുള്ളു.