കെവിന്റെ ദുരഭിമാനക്കൊല; മുഖ്യ പ്രതികള്‍ അറസ്റ്റില്‍

കണ്ണൂര്‍: കേരള മനഃസാക്ഷിയെ ഞെട്ടിച്ച കെവിന്‍ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷാനു ചാക്കോയും പിതാവ് ചാക്കോ ജോണും അറസ്റ്റില്‍. സംഭവത്തില്‍ ഒളിവിലായിരുന്ന ഇരുവരെയും കണ്ണൂരില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവരെയും ഇന്ന് തന്നെ കോട്ടയത്തേക്ക് കൊണ്ടുവരും.

ഞായറാഴ്ച പുലര്‍ച്ചെ കെവിനെ കോട്ടയം മാങ്ങാനത്തെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയത് ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇത് മാതാപിതാക്കളുടെ അറിവോടെയായിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെ പുനലൂരിന് സമീപം ചാലിയക്കര തോട്ടില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും കോട്ടയത്ത എത്തിച്ച ശേഷം വിശദമായി ചോദ്യം ചെയ്യും.

കേസുമായി ബന്ധപ്പെട്ട് നേരത്തെ 3 പേര്‍ പിടിയിലായിരുന്നു. ഇനിയും 7 പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. കെവിന്‍ മരിച്ചതെങ്ങനെയെന്ന വ്യക്തമായ അറിവ് ഇതില്‍ നിന്നും ലഭിക്കും. ഇരുവരുടെയും മൊഴി കേസിന്റെ നിര്‍ണായ വഴിത്തിരിവിന് കാരണമാകും എന്നാണ് പോലീസിന്റെ പ്രതീക്ഷ.