കെവിന്റേത് ദുരഭിമാന കൊലക്കേസ് തന്നെ; നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ; അച്ഛനെ വെറുതെ വിട്ടു

കോട്ടയം: കെവിൻ വധക്കേസില്‍ നീനുവിന്‍റെ സഹോദരനടക്കം 10 പ്രതികൾ കുറ്റക്കാർ. കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഇവരുടെ ശിക്ഷാ വിധി മറ്റന്നാള്‍ പ്രഖ്യാപിക്കും.നീനുവിന്‍റെ അച്ഛൻ ചാക്കോ ജോണിനെ കോടതി വെറുതേ വിട്ടു. കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി കണ്ടെത്തി. ആകെ 14 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ശനിയാഴ്ച കോടതി പ്രതികളുടെ ശിക്ഷ വിധിക്കും.

നീനുവിന്റെ അച്ഛനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയത്. ചാക്കോയ്ക്ക് എതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.

സാനു ചാക്കോ, നിയാസ് മോരൻ, ഇഷാൻ ഇസ്മയിൽ,റിയാസ്, മനു, ഷിഫിൻ, നിഷാദ്, ഫസിൽ, എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. കെവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തന്നതിൽ ഇവർ 10 പേരും നേരിട്ട് പങ്കു വഹിച്ചെന്ന് കോടതി കണ്ടെത്തി. ചാക്കോ ജോൺ അടക്കം നാല് പ്രതികളെ കോടതി വെറുതേ വിട്ടു. നിയാസാണ് കെവിനെ തട്ടിക്കൊണ്ട് പോകാൻ ആസൂത്രണം നടത്തിയ ആൾ. നീനുവിന്‍റെ അച്ഛൻ ചാക്കോ ജോൺ , പത്താം പ്രതി അപ്പുണിയെന്ന വിഷ്ണു, പതിമൂന്നാം പ്രതി ഷിനു ഷാജഹാൻ, പതിനാലാം പ്രതി റനീസ് ഷെരീഫ് എന്നീ നാല് പ്രതികളെയാണ് വെറുതെ വിട്ടത്.

കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയായി ഇതോടെ കെവിൻ വധക്കേസ്. നിയാസ് തന്നെ ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കെവിൻ പറഞ്ഞിരുന്നുവെന്ന നീനുവിന്‍റെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്.

സംഭവത്തിൽ നാല് പേരെ വെറുതെ വിട്ടത് ശരിയല്ലെന്നും നീനുവിന്റെ അച്ഛൻ ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. ചാക്കോയെ വെറുതെ വിട്ടതിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.