കെവിന്‍ വധം: കേരളാ പോലീസിന് മനോരോഗം ബാധിച്ചെന്ന് എ.കെ ആന്റണി; ക്രിമിനല്‍ വാഴ്ച്ചയെന്ന് ബൃന്ദ കാരാട്ട്

ഡല്‍ഹി: കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. കേരളാപോലീസിന് മനോരോഗം ബാധിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് നാണക്കേടുണ്ടാക്കുന്ന അതിദാരുണമായ സംഭവമാണ് കെവിന്റെ മരണം.പൊലീസിന്റെ വീഴ്ചയാണ് കെവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്.ഇതിന് സര്‍ക്കാരിനും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളം ഭ്രാന്താലയമായി. ഹരിയാനയിലെ ഖാപ്പ് പഞ്ചായത്തുകളെ ഓര്‍മ്മിപ്പിക്കുന്ന സംഭവമാണിത്. കേരള സമൂഹത്തിന്റെ ജീര്‍ണതായാണ് ഈ സംഭവം വെളിവാക്കുന്നത്. ദുരഭിമാനകൊലയും സദാചാര ഗുണ്ടായിസവും സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നുവെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കെവിന്റെ കൊലപാതകത്തില്‍ കേരള പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും രംഗത്തെത്തി. പൊലീസിന്റേത് ക്രിമിനല്‍ വാഴ്ച്ചയെന്നും ഇവര്‍ കൃത്യവിലോപം കാണിച്ചുവെന്നും ബൃന്ദ കാരാട്ട് തുറന്നടിച്ചു. പൊലീസിന്റെ ന്യായീകരണങ്ങള്‍ അംഗീകരിക്കാന്‍ ആകില്ല. ഡിവൈഎഫ്ഐ അംഗം അക്രമത്തില്‍ ഉള്‍പ്പെട്ടത് ഞെട്ടിക്കുന്നു. ദുരഭിമാനക്കൊല കേരളത്തെ പോലൊരു സമൂഹത്തില്‍ എത്തുന്നത് അത്യന്തം ആശങ്കാജനകമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.