കേരളത്തിലെ ആദ്യ ഇലക്ട്രിക് ബസ് തിരുവനന്തപുരത്ത്‌

തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബസ് ഇന്ന് പാപ്പനംകോടെത്തി. സമ്പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ നിരത്തിലിറക്കുന്നത് കെഎസ്ആര്‍ടിസിയാണ്. കെഎസ്ആര്‍ടിസിയുടെ ഈ പുതിയ സംരംഭം ഇന്ധനവില വര്‍ദ്ധനവിനെ ചെറുക്കാനും മലിനീകരണം നിയന്ത്രിക്കാനും സഹായകമാവും.
പുഷ്ബാക്ക് സൗകര്യങ്ങളോട് കൂടിയ 40 സീറ്റുകളും അത്യാധുനിക സുരക്ഷാക്രമീകരണങ്ങളും ഇലക്ട്രിക് ബസില്‍ ഒരുക്കിയിട്ടുണ്ട്. സിസിടിവി ക്യാമറ, ജിപിഎസ് സംവിധാനം, എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം 18 ാം തിയതി മുതല്‍ ഓടിത്തുടങ്ങുന്ന ബസുകള്‍ 15 ദിവസത്തെ ട്രയല്‍ റണ്‍ നടത്തുന്നതായിരിക്കും.
കര്‍ണ്ണാടക, ആന്ധ്ര, ഹിമാചല്‍ പ്രദേശ, മഹാരാഷ്ട്ര, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രിക് ബസ് ഓപ്പറേറ്റ് ചെയ്ത് വരുന്നതും കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ ASRTU-ന്റെ റേറ്റ് കോണ്‍ട്രാക്റ്റ് ഉള്ളതുമായ Gold stone Infratech Limited എന്ന കമ്പനിയാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ട്രയല്‍ റണ്‍ വിജയകരമാവുകയാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കിയ മാതൃകയില്‍ മുന്നൂറോളം ഇലക്ട്രിക് ബസുകള്‍ കേരളത്തിലെ നിരത്തുകളിലൂടെ ഓടിത്തുടങ്ങും.