വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി കേരളഎന്‍ജിനീയറിങ്, എയിംസ് പരീക്ഷകള്‍ ഒരു ദിവസം

കൊല്ലം: വിദ്യാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തി കേരള എന്‍ജിനീയറിംഗ് എന്‍ഡ്രന്‍സും ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സിന്റെ (എയിംസ്) മെഡിക്കല്‍ പ്രവേശന പരീക്ഷയും ഒരേ ദിവസം. ഈ മാസം 13ന് നടത്താനിരുന്ന കേരള എന്‍ഡ്രന്‍സ് ചില സാങ്കേതിക ബുദ്ധിമുട്ടിനെത്തുടര്‍ന്നാണ് 13 ല്‍ നിന്നും 27-ാം തീയതിയിലേക്ക് മാറ്റി നിശ്ചയിച്ചത്.പുതുക്കിയ തീയതി വന്നപ്പോഴാണ് എയിംസിന്റെ പ്രവേശന പരീക്ഷയും അതേ ദിവസം തന്നെയാണെന്ന കാര്യം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കേരള എന്‍ജിനീയറിംഗ് അസോസിയേഷന്റെ ഹെല്‍പ് ലെന്‍ നമ്പറുമായി ബന്ധപ്പെട്ടു.

‘മറ്റൊരു ഞായറാഴ്ച ദിവസമായതിനാലാണ് 13ല്‍ നിന്നു പരീക്ഷ 27 ലേക്കു മാറ്റിയതെന്നും വേറെ ദിവസങ്ങളില്‍ പരീക്ഷ സെന്ററുകളായ സ്‌കൂളുകളില്‍ ഒഴിവില്ലെ’ന്നും അസോസിയേഷന്‍ അധികൃതര്‍ അറിയിച്ചതായാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതുവരെ സ്‌കൂള്‍ വേനലവധി കഴിഞ്ഞിട്ടില്ല, അതിനാല്‍ ഞായറാഴ്ച അല്ലാത്ത ദിവസങ്ങളിലും പരീക്ഷ നടത്താന്‍ സാധിക്കില്ലേ, രണ്ടു പരീക്ഷകളും എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ അവസരം ഇതിലൂടെ നഷ്ടപ്പെടുകയല്ലെ ചെയ്യുന്നത് എന്ന് രക്ഷകര്‍ത്താക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.