കേരളത്തിനെതിരെ വീണ്ടും വ്യാജപ്രചരണവുമായി ബിജെപി. ബംഗ്ലാദേശിലെ സംഭവം കേരളത്തിലേതെന്ന് ചിത്രീകരിച്ചാണ്‌ പ്രചാരണം

ന്യൂഡൽഹി:കേരളത്തിനെതിരെ വീണ്ടും വ്യാജപ്രചരണവുമായി ബിജെപി. ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ സ്ത്രീ ആക്രമിക്കപ്പെട്ട സംഭവം കേരളത്തിലേതെന്ന് ചിത്രീകരിച്ചാണ്‌പ്രചാരണം നടക്കുന്നത്. ട്വിറ്ററിൽ ബിജെപി എം പി പരേഷ് റാവലിന്റെ നേതൃത്വത്തിലാണ് കുപ്രചരണം ഗുജറാത്തിലെ അഹമ്മദാബാദ് ഈസ്റ്റിൽ നിന്നുള്ള ബിജെപി എംപിയായ പരേഷ് റാവൽ മോദിയുടെ അടുപ്പക്കാരനും നടനുമാണ്

കേരളത്തിൽ ആരാധന നടത്തിക്കൊണ്ടിരുന്ന ഹിന്ദു സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് ഇയാൾ ട്വിറ്ററിൽ വ്യാജ ചിത്രം സഹിതം പോസ്റ്റ് ചെയ്തത് . നിരവധി പേർ ഇത് റീ ട്വീറ്റും ചെയ്തിരുന്നു.തുടർന്ന് കേരളത്തിനെതിരെയുള്ള പ്രചരണമായി സംഘപരിവാർ പ്രവർത്തകർ വ്യാജ ചിത്രം പല നവമാധ്യമ ഗ്രൂപ്പുകളിലും വ്യപകമായി പ്രചരിപ്പിക്കുകയും ചെയ്തു

പ്രായമായ ഹിന്ദു സ്ത്രീയെ മതേതര കേരളത്തിൽ മുസ്ലിംകൾ അക്രമിച്ചുവെന്നാണ് ഇവർ പ്രചരിപ്പിച്ചത്. അമ്പലവും വിഗ്രഹവും മുസ്ലിങ്ങൾ തകർത്തുവെന്ന് ഇവർ പ്രചരിപ്പിച്ചു .യഥാർഥത്തിൽ ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽഒക്ടോബറിൽ നോർത്ത് ജൽദി ഗ്രാമത്തിൽ ആക്രമിക്കപ്പെട്ട പങ്കബാല കർമക്കാർ എന്ന സ്ത്രീയുടെ ചിത്രമാണ് കേരളത്തിലേതെന്ന പേരിൽ റാവൽ ട്വീറ്റ് ചെയ്തത്.
തർക്കത്തിന്റെ പേരിൽ അയൽവാസിയായ പ്രദിപ് ഘോഷിന്റെയും മകൻ ബിശ്വജിത് ഘോഷിന്റെയും ആക്രമണത്തിൽ ഇവർക്ക് പരിക്കേൽക്കുകയായിരുന്നു. തുടർന്ന് ഇവർ പങ്കബാലയുടെ കൃഷ്ണ വിഗ്രഹവും തകർത്തു ആദ്യമായല്ല സംഘപരിവാർ കേരളത്തെ ലക്ഷ്യമാക്കി കുപ്രചരണം നടത്തുന്നത്. ഇതിനു മുൻപും നിരവധി വ്യാജ പോസ്റ്റുകൾ കേരളത്തിലേതെന്ന പേരിൽ സംഘപരിവാറുകാർ പ്രചരിപ്പിച്ചിരുന്നു.